പാലിയേക്കരയിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ
Mail This Article
പുതുക്കാട് ∙ ആന്ധ്രയിൽ നിന്നു 10 കിലോഗ്രാം കഞ്ചാവുമായി എത്തിയ കൊലക്കേസ് പ്രതി അടക്കമുള്ള 3 പേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി വലയകത്തു വടക്കേതിൽ വീട്ടിൽ കുപ്രസിദ്ധ ഗുണ്ട രാജേഷ് (മൻസൂർ-38), പുതുക്കാട് കണ്ണമ്പത്തൂർ കരുവന്നൂക്കാരൻ വീട്ടിൽ സുവിൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മനക്കുളങ്ങരപറമ്പിൽ വീട്ടിൽ മുനീർ (28) എന്നിവരാണ് പാലിയേക്കരയിലെ വാഹന പരിശോധനക്കിടെ പിടിയിലായത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്നു കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഇവരുടെ വാഹനത്തിനു തകരാർ സംഭവിച്ചു. ഇതേതുടർന്ന് കടത്തിയ കഞ്ചാവിന്റെ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിന്റെ സിമന്റ് ലോറിയിൽ കയറി നാട്ടിലേക്ക് വരികയായിരുന്നു സംഘം.ഇന്നലെ രാവിലെ പാലിയേക്കര ടോൾപ്ലാസക്കു സമീപം സിമന്റ് ലോറിയിൽ വരികയായിരുന്ന മൂവരെയും പിടികൂടുകയായിരുന്നു.
2020ൽ കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി നിർമിച്ച സെറ്റ് കുപ്രസിദ്ധ ഗുണ്ട മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്ത കേസിലും തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലും ആലപ്പുഴ കാർത്തികപ്പിള്ളി മേഖലയിലെ ഒട്ടനവധി വധശ്രമം , അടിപിടി കേസുകളിലും അറസ്റ്റിലായ മൻസൂർ എന്ന രാജേഷ് പ്രതിയാണ്. സുവിൻ, മുനീർ എന്നിവർ ലഹരി വസ്തുക്കളുടെ വിപണനത്തിനു 4 കേസുകളിൽ പ്രതികളാണ്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിവൈഎസ്പി കെ.സുമേഷ്, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ്‌കുമാർ, എസ്‌ഐമാരായ എൻ.പ്രദീപ്, റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ വി.ജി.സ്റ്റീഫൻ, കെ.ജയകൃഷ്ണൻ, സി.ആർ.പ്രദീപ്കുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.