നൂറടിത്തോട് നിറഞ്ഞു; ബീയ്യം 3 ഷട്ടർ തുറന്നു
Mail This Article
പുന്നയൂർക്കുളം ∙ കോൾപടവിൽ പമ്പിങ് തുടങ്ങിയതിനു പിന്നാലെ നൂറടിത്തോട് നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് കാഞ്ഞിരമുക്ക് ബീയ്യം കം റഗുലേറ്റർ ബ്രിജിലെ 3 ഷട്ടർ തുറന്നു. വെള്ളം ഒഴുകിയതോടെ തോട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പമ്പിങ് തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും തോട് നിറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
1000 ഏക്കറിലധികം വിസ്തൃതിയുള്ള പരൂർ പടവ് ഉൾപ്പെടെയുള്ള വലിയ കോളുകളിൽ കാര്യമായ രീതിയിൽ പമ്പിങ് തുടങ്ങിയിട്ടില്ല. പമ്പിങ് നടത്തുന്ന ഏതാനും പടവുകളിൽ ബണ്ടിലൂടെ വെള്ളം പാടത്തേക്ക് തന്നെ തിരിച്ചിറങ്ങുന്ന അവസ്ഥയായി. പരൂർ പടവിലെ ഉപ്പുങ്ങൽ തെക്കു ഭാഗത്ത് ബണ്ടിനു മുകളിൽ മണ്ണ് നിറച്ച ചാക്ക് അടുക്കിയാണ് നീരൊഴുക്ക് തടഞ്ഞത്.
മിക്ക ഇടങ്ങളിലും ആധുനികമായ സബ്‌മേഴ്‌സിബിൾ പമ്പ് ഉപയോഗിക്കുന്നത് തോട്ടിലെ ജലനിരപ്പ് വേഗത്തിൽ കൂടാൻ കാരണമായി. പഴയ രീതിയായ പെട്ടി-പറയേക്കാൾ ഇടവേളയില്ലാതെ പമ്പ് ചെയ്യാൻ സബ്‌മേഴ്‌സിബിൾ മോട്ടറിനു കഴിയുമെന്നതിനാൽ ഇരട്ടി വേഗത്തിലാണ് പാടത്തെ വെള്ളം വറ്റുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും പാടത്തും തോട്ടിലും വെള്ളം നിറയാൻ കാരണമായി. പമ്പിങ് നിർത്തേണ്ടിവരും എന്ന് ഉറപ്പായതിനെ തുടർന്നാണ് ഷട്ടർ തുറന്നത്. 10 ഷട്ടറാണ് ഇവിടെ ഉള്ളത്. ജലനിരപ്പ് കൂടിയാൽ കൂടുതൽ ഷട്ടർ തുറക്കും. പമ്പിങ്ങിന്റെ വിവിധ ഘട്ടത്തിനനുസരിച്ച് തുറന്ന ഷട്ടറുകൾ അടയ്ക്കുമെന്നും ഇറിഗേഷൻ വകുപ്പ് എൻജിനീയർ അറിയിച്ചു.