അതിരപ്പിള്ളിയിൽ പാതയോരത്ത് പാർക്കിങ്; വഴിയിൽ കുരുക്ക് കൂടുന്നു
Mail This Article
അതിരപ്പിള്ളി ∙ വിനോദ കേന്ദ്രം ജംക്‌ഷനിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് ഇടയാക്കുന്നു. വ്യൂ പോയിന്റ് മുതൽ പ്രവേശന കവാടം വരെയുള്ള മേഖലയിൽ റോഡിന്റെ ഇടതു വശം ചേർന്നാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം തിരക്കുള്ള ദിവസങ്ങളിൽ മണിക്കൂറുകളാണ് ഇവിടെ ഗതാഗതം തടസ്സപ്പെടുന്നത്. ഓണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം ഗതാഗതക്കുരുക്ക് ഒഴിവാക്കിയിരുന്നു. വഴിയോരത്ത് വാഹനങ്ങൾ നിർത്താറുള്ള ഭാഗങ്ങളിൽ പാർക്കിങ് നിരോധിച്ചാണ് ഓണത്തിരക്ക് നിയന്ത്രിച്ചത്. എന്നാൽ പിന്നീട് നിയന്ത്രണം നീക്കിയതോടെ തിരക്കും കുരുക്കും പഴയപടിയായി. അവധി ദിവസങ്ങളിൽ പാതയോരങ്ങളിലെ പാർക്കിങ് ഒഴിവാക്കണമെന്ന നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പൊതുഗതാഗതവും തിരക്കിൽ കുടുങ്ങി സമയം വൈകിയാണ് സർവീസ് പൂർത്തിയാക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ പ്രവേശന കവാടത്തിന്റെ പരിസരത്ത് നിന്ന് ആരംഭിക്കുന്ന തിരക്ക് കിലോമീറ്ററുകൾ നീളുന്നത് പതിവാണ്. രോഗികളുമായി വരുന്ന ആംബുലൻസിനു പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. പാർക്കിങ് ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ മഴയിൽ വെള്ളം കുത്തിയൊഴുകി തോടിനു സമാനമായ നിലയിലാണ്. അതിനാൽ വണ്ടികൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ പലരും മടിക്കുന്നു. ജംക്‌ഷനിൽ ഇരുചക്ര വാഹനങ്ങൾക്ക് വേണ്ടിയുള്ള പാർക്കിങ് ഗ്രൗണ്ടിൽ ചെറിയ വണ്ടികൾ കൂടി പാർക്ക് ചെയ്യുന്നതിന് സ്ഥലം ഒരുക്കിയാൽ തിരക്ക് കുറയുമെന്ന് പറയുന്നു. പൊതു അവധി ദിവസങ്ങളിൽ 1500 ൽ അധികം ചെറുതും വലുതുമായ വാഹനങ്ങളാണ് ഇവിടെയെത്തുന്നത്.