ടൂവീലർ യൂസേഴ്സ് അസോസിയേഷൻ ഇടപെട്ടു, പത്ത് മാസത്തിനു ശേഷം ആ സ്കൂട്ടർ തിരിച്ചുകിട്ടി
Mail This Article
തൃശൂർ ∙ 10 മാസം പൊതുനിരത്തിൽ കാണാമറയത്തു കിടന്ന സ്കൂട്ടർ ഉടമയ്ക്കു തിരിച്ചുകിട്ടി. നേവിയിൽ ക്യാപ്റ്റൻ ആയിരുന്ന പൂത്തോൾ സ്വദേശിയുടെ സ്കൂട്ടർ കഴിഞ്ഞ ജനുവരിയിലാണു നഷ്ടപ്പെട്ടത്. അയ്യന്തോൾ കലക്ടറേറ്റിലേക്കു സ്കൂട്ടർ ഓടിച്ചുപോയ അദ്ദേഹം തിരിച്ചു വീട്ടിൽ വന്നതു സ്കൂട്ടറില്ലാതെയാണ്. മറവി രോഗമുള്ള അദ്ദേഹം സ്കൂട്ടർ നിർത്തിയിട്ടത് എവിടെയാണെന്നു മറന്നതാവാം എന്നു വീട്ടുകാർ കരുതി. കലക്ടറേറ്റിലേക്കാണു പോയതെന്ന ഓർമയുണ്ടെങ്കിലും സ്കൂട്ടർ എവിടെ നിർത്തിയിട്ടതെന്നു കൃത്യമായി ഓർമയില്ല. ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോയതാണോ എന്നും വ്യക്തമല്ലായിരുന്നു. കലക്ടറേറ്റിലും പൊലീസിലും പരാതി നൽകി. കഴിഞ്ഞ 10 മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാൾ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഉടമ കേസിൽ പെടും.
അതിനിടെ സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നു. അങ്ങനെ ആശങ്കയിലിരിക്കുമ്പോഴാണു ടൂവീലർ യൂസേഴ്സ് അസോസിയേഷന്റെ ഇടപെടലിലൂടെ നാടകീയമായി സ്കൂട്ടർ തിരിച്ചുകിട്ടിയത്. ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് എതിർവശത്തു മോഡൽ റോഡിന്റെ നടപ്പാതയിൽ കിടക്കുന്നുണ്ടെന്നു പരിസരത്തുള്ള കടയുടമ സേവിയർ, ‘ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ’ ചെയർമാൻ ജയിംസ് മുട്ടിക്കലിനെ അറിയിച്ചിരുന്നു. ഉടൻ ഈ വിവരം വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. വാട്സാപ് ഗ്രൂപ്പിൽ സ്കൂട്ടർ കണ്ട പൂത്തോൾ സ്വദേശി മുരളീധരനാണു സ്കൂട്ടർ തിരിച്ചറിഞ്ഞത്. മുരളീധരന്റെ അയൽവാസിയാണു സ്കൂട്ടർ നഷ്ടപ്പെട്ട ക്യാപ്റ്റൻ.