ശക്തൻ നഗറിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കായി തൃശൂർ കോർപറേഷൻ
Mail This Article
തൃശൂർ ∙ ആധുനിക ബസ് ടെർമിനലും പച്ചക്കറി, മത്സ്യ മാർക്കറ്റുകളും കോർപറേഷൻ ഓഫിസ് സമുച്ചയവും ഉൾപ്പെടെ ശക്തൻ നഗറിന്റെ മുഖച്ഛായ മാറ്റുന്ന ബൃഹദ് പദ്ധതിയുമായി കോർപറേഷൻ. വിശ്രമിക്കാനും സമയം ചെലവിടാനുമുള്ള കളിസ്ഥലങ്ങളും ഡിജിറ്റൽ ലൈബ്രറിയും ഇതിൽ ഉൾപ്പെടും. ശക്തൻ നഗറിലെ വികസനത്തിനു തടസ്സമായി നിന്നിരുന്ന കേസുകൾ ഒത്തുതീർന്നതോടെയാണ് പുതിയ വികസന പ്രവൃത്തികൾക്ക് അരങ്ങൊരുങ്ങുന്നത്. കോർപറേഷനിൽ ചേർന്ന അവലോകന യോഗത്തിൽ ടൗൺ പ്ലാനർ എസ്.ആർ.സീമ, ഡപ്യൂട്ടി ടൗൺ പ്ലാനർ സി.ആർ.വിമജ എന്നിവർ പദ്ധതി സംബന്ധിച്ച് കൗൺസിലർമാർക്കു വിശദീകരണം നൽകി.
ശക്തനിലെ മാർക്കറ്റുകളിലെയും ബസ് സ്റ്റാൻഡിലെയും ഗോൾഡൻ ഫ്ലീ മാർക്കറ്റിലെയും പ്രശ്നങ്ങൾ നേരിട്ടു സർവേ നടത്തിയാണ് എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന പദ്ധതി തയാറാക്കുന്നതെന്ന് ടൗൺ പ്ലാനർ വിശദീകരിച്ചു. 66 ഹെക്ടർ സ്ഥലത്താണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കോർപറേഷന്റെ സ്ഥലത്തിനു പുറമേ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടിയെടുക്കണമെന്ന് ടൗൺ പ്ലാനർ ആവശ്യപ്പെട്ടു. പദ്ധതി കൗൺസിൽ യോഗം അംഗീകരിക്കുന്നതോടെ പ്രവർത്തനങ്ങൾക്കു തുടക്കമിടുമെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. എന്നാൽ, പദ്ധതിയെക്കുറിച്ചു വ്യക്തത ഇല്ലാതെയാണ് ഉദ്യോഗസ്ഥർ വിശദീകരണത്തിന് എത്തിയതെന്നും പ്രശ്‌നങ്ങളല്ല, പരിഹാരമാണ് അറിയേണ്ടതെന്നും ഭരണ-പ്രതിപക്ഷ കൗൺസിലർമാർ വിമർശിച്ചു.