ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ 30 ദിവസത്തെ ഏകാദശി വിളക്കുകൾ തിങ്കളാഴ്ച ആരംഭിക്കും. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഡിസംബർ 11നാണ് ഏകാദശി. നൂറ്റാണ്ടുകളായി ഏകാദശി ദിവസം ആചരിക്കുന്ന ഉദയാസ്തമയപൂജ ഇക്കുറി ഉണ്ടാവില്ല. ദേവസ്വം നേരിട്ടാണ് ഈ ഉദയാസ്തമയ പൂജ നടത്തിയിരുന്നത്. തിരക്കായതിനാൽ ഡിസംബർ 11ന്റെ പൂജയ്ക്കു പകരം തുലാമാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനമായ ചൊവ്വാഴ്ച (നവംബർ 12) ദേവസ്വം വക ഉദയാസ്തമയ പൂജ നടത്തും. 

  ക്ഷേത്രത്തിലെ എണ്ണായിരത്തോളം ചുറ്റുവിളക്കുകൾ തിരിയിട്ട് തെളിച്ച് ഇടയ്ക്ക നാഗസ്വര വാദ്യത്തോടെ മൂന്നാനകളെ എഴുന്നള്ളിച്ചാണ് വിളക്ക് ആഘോഷം. പുരാതന കുടുംബങ്ങൾ, വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടാണിത്. ചില ദിവസങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, സന്ധ്യയ്ക്ക് തായമ്പക, മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയും പതിവുണ്ട്. പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബം വകയാണ് ആദ്യ വിളക്ക്. ചൊവ്വാഴ്ച ദേവസ്വം വക ഉദയാസ്തമയ പൂജ. 

 ആഘോഷങ്ങൾ ഏറെയുള്ള വിളക്കുകളായ പോസ്റ്റൽ വിളക്ക് 14നും കോടതി വിളക്ക് 17നും പൊലീസ് വിളക്ക് 18നും ജി.ജി.കൃഷ്ണയ്യർ വിളക്ക് 19നും മർച്ചന്റ്സ് വിളക്ക് 21നും നടക്കും. കാനറാ ബാങ്ക് വിളക്ക് 23നാണ്. എസ്ബിഐ വിളക്ക്  24നും അയ്യപ്പ ഭജന സംഘം ലക്ഷദീപം വിളക്ക് 25നും നാണു എഴുത്തച്ഛൻ സൺസ് വിളക്ക് 26നും ക്ഷേത്രം പത്തുകാരുടെ വിളക്ക് 28നും തന്ത്രി വിളക്ക് 30നും  ദേവസ്വം പെൻഷനേഴ്സ്, എംപ്ലോയീസ് അസോസിയേഷൻ വിളക്ക് ഡിസംബർ 2നും നടക്കും. പാരമ്പര്യ വിളക്കുകൾ ഡിസംബർ 5ന് കപ്രാട്ട് കുടുംബത്തിന്റെ പഞ്ചമി വിളക്കോടെ ആരംഭിക്കും.

മാണിക്കത്ത് കുടുംബത്തിന്റെ ഷഷ്ടി  വിളക്ക് 6നും നെന്മിനി മന വക സപ്തമി വെളിച്ചെണ്ണ വിളക്ക് 7നും നടക്കും. 8ന് പുളിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ അഷ്ടമി വിളക്കു മുതൽ  സ്വർണക്കോലം എഴുന്നള്ളിക്കും. 9ന് കൊളാടി കുടുംബത്തിന്റെ നവമി നെയ്​വിളക്ക്. 10ന് ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ ദശമി വിളക്ക്. 11ന് ഏകാദശി. ചെമ്പൈ സംഗീതോത്സവം നവംബർ 26ന് തുടങ്ങും. പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ കേശവൻ‍ അനുസ്മരണവും ഡിസംബർ 10നാണ്. ഏകാദശി വിളക്കുകളുടെ പ്രാരംഭമായി ദേവസ്വം പെൻഷൻകാരുടെ വിളംബര നാമജപ ഘോഷയാത്രയും കിഴക്കേ ദീപസ്തംഭം തെളിക്കലും ഞായറാഴ്ച വൈകിട്ട് നടക്കും.

English Summary:

Guruvayur Temple prepares for the auspicious 30-day Ekadashi lamp lighting ceremony. This year, the Devaswom Board has adjusted the Udayastamana Pooja date to accommodate the expected influx of devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com