‘പട്ടികജാതി മന്ത്രിയെ ഒഴിവാക്കി’: ചൂടേറിയ ചർച്ചയായി ആരോപണം
Mail This Article
ചേലക്കര ∙ കെ.രാധാകൃഷ്ണനെ എംപിയാക്കിയതു വഴി സംസ്ഥാന മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാതാക്കുകയാണു മുഖ്യമന്ത്രി ചെയ്തതെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം മണ്ഡലത്തിൽ രാഷ്ട്രീയച്ചൂടേറ്റി. മാത്യു കുഴൽനാടൻ ജാതിരാഷ്ട്രീയം കളിക്കുകയാണെന്നും സ്വയം തരംതാഴുന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹത്തിന്റേതെന്നും കാര്യലാഭത്തിനു വേണ്ടി എന്തും പറയുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. എല്ലാ യുഡിഎഫ് സർക്കാരിലും പട്ടികജാതി മന്ത്രിയുണ്ടായിരുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
‘‘കുഴൽനാടൻ നിലയും വിലയുമുള്ള എംഎൽഎ ആണെന്നാണു ധരിച്ചിരുന്നത്. അദ്ദേഹത്തിന് ഒരു നിലയും വിലയുമില്ലാത്ത രീതിയിൽ ജാതിരാഷ്ട്രീയം കളിക്കുകയാണു ചെയ്തത്. നാലു വോട്ടു കിട്ടുമെന്നു കരുതിയാണിത്’’– എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടിയുടെ നേതാവായി കെ.രാധാകൃഷ്ണനെ ഉയർത്തിക്കൊണ്ടുവന്നത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദൻ പറഞ്ഞതു തെറ്റാണെന്നു പത്രസമ്മേളനം വിളിച്ച് മാത്യു കുഴൽനാടൻ വിശദീകരിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നു പി.കെ.ജയലക്ഷ്മി മന്ത്രിയായിരിക്കെ പട്ടികജാതി വിഭാഗത്തിൽ നിന്ന് എ.പി.അനിൽകുമാറും ഉണ്ടായിരുന്നു. കേരളത്തിൽ ഇതുവരെ പട്ടികജാതി വിഭാഗത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടില്ല. നാലു വോട്ടിനു വേണ്ടിയാണ് തന്റെ പ്രസംഗം എന്ന ഗോവിന്ദന്റെ പ്രസ്താവന പട്ടികജാതി വിഭാഗങ്ങളോടുള്ള അവഹേളനമാണ്. നാലു വോട്ട് എന്ന് അവജ്ഞയോടെ കാണേണ്ടവരാണോ പട്ടികജാതിക്കാർ.
അവർക്ക് രാഷ്ട്രീയാധികാരം വേണ്ട എന്നാണോ സിപിഎമ്മിന്റെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറയണം. പട്ടികജാതിക്കാർക്ക് പ്രാതിനിധ്യം ഇല്ലാത്ത മന്ത്രിസഭ ഒരു സംസ്ഥാനത്തും ഇല്ല. എന്നാൽ അവർക്ക് പ്രാതിനിധ്യം ഇല്ലാതെയും മന്ത്രിസഭ ആകാം എന്നാണ് പിണറായി പറയുന്നത്.
ജാതി രാഷ്ടീയം എന്ന് അധിക്ഷേപിക്കുകയല്ല വേണ്ടത്. രാഷ്ടീയാധികാരത്തെ പറ്റിയാണു പറയുന്നത്. സൗജന്യം കൊടുത്തല്ല ദുർബല വിഭാഗങ്ങളെ ശക്തിപ്പെടുത്തേണ്ടത്, അത് അധികാരത്തിൽ പ്രാതിനിധ്യം നൽകിത്തന്നെ വേണം. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് കൊടുത്തപ്പോൾ, അത് വലിയ സംഭവമായി അവതരിപ്പിച്ച സിപിഎമ്മിന് കേളുവിന് ദേവസ്വം വകുപ്പ് കൊടുക്കാത്തതെന്തേ എന്ന് പറയാൻ സ്വാഭാവികമായും ബാധ്യതയുണ്ട്– കുഴൽനാടൻ പറഞ്ഞു.
പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യത്തിന് എന്നും എതിരുനിന്ന പാർട്ടിയാണ് സിപിഎമ്മെന്നും പൊളിറ്റ് ബ്യൂറോയിൽ പോലും അത് പ്രകടമായിരുന്നെന്നും കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു. കോൺഗ്രസ് എക്കാലത്തും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയ പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെന്നതു ചൂണ്ടിക്കാട്ടാൻ കോൺഗ്രസിനു ധാർമിക അവകാശം ഉണ്ടെന്നും ലിജു പറഞ്ഞു.