കാറിൽ കൊണ്ടുവന്ന 19.70 ലക്ഷം രൂപ ആദായനികുതി വിഭാഗം പിടികൂടി
Mail This Article
ചെറുതുരുത്തി ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം കാറിൽ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ ആദായനികുതി വിഭാഗം പിടികൂടി. കുളപ്പുള്ളി ചന്ദ്ര ഓട്ടമൊബീൽസ് ഉടമയും എസ്എൻഡിപി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ ഭാരവാഹിയും അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക‌്ഷോപ്സ് പാലക്കാട് ജില്ലാ സെക്രട്ടറിയുമായ കുളപ്പുള്ളി സ്വദേശി സി.സി.ജയന്റെ കാറിൽ നിന്നാണ് പണം പിടിച്ചത്.
വീടുപണിക്കായി ബാങ്കിൽ നിന്നു പിൻവലിച്ച തുകയാണിതെന്ന് അദ്ദേഹം അറിയിച്ചു. പണം പിൻവലിച്ചതായി ബാങ്ക് അധികൃതരും പറഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പല സമയത്തും ആദായനികുതി വിഭാഗം റോഡിൽ വാഹനം തടഞ്ഞു പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാവിലെ 8.30നാണ് ആദായ നികുതി അന്വേഷണ വിഭാഗം മേധാവി കെ.അർജുന്റെ നേതൃത്വത്തിൽ ജയന്റെ കാർ തടഞ്ഞത്. കാറിൽ ജയനു പുറമേ ഡ്രൈവർ രാമചന്ദ്രനും ജയന്റെ മകൻ ജയകൃഷ്ണനുമാണ് ഉണ്ടായിരുന്നത്.
വീടുപണിക്കു വേണ്ട ടൈൽസ് വാങ്ങാനായി ചേർത്തലയിലേക്ക് പോകുകയാണെന്നും ഇതിനായി കനറാ ബാങ്കിന്റെ കുളപ്പുള്ളി ശാഖയിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതായും ഇതിൽ വീട്ടിൽ കരുതിയതിന്റെ ബാക്കിയാണ് കാറിലുള്ളതെന്നുമാണ് ജയൻ പറഞ്ഞത്. തുടർന്ന് റവന്യു ഉദ്യോഗസ്ഥർ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ബാങ്കിൽ നിന്ന് തുക പിൻവലിച്ചിരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു. 5 ലക്ഷം രൂപ ജയന്റെ കുളപ്പുള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഈ വീടിന്റെ ഒരു ഭാഗം പൊളിച്ചാണ് പുതിയ വീട് പണിയുന്നത്.