ചേലക്കരയിലെ വിവാദ പത്രസമ്മേളനം: അൻവറിനെതിരെ കേസെടുക്കും
Mail This Article
ചേലക്കര ∙ നിശ്ശബ്ദ പ്രചാരണ ദിവസം പത്രസമ്മേളനം നടത്തവേ, അതു പാടില്ലെന്ന നിർദേശവുമായെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ പത്രസമ്മേളനം പൂർത്തിയാക്കി. ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചേലക്കര പൊലീസിനോട് കേസെടുക്കാൻ റിട്ടേണിങ് ഓഫിസർ രാത്രി വൈകി നിർദേശം നൽകി. എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസ് വടക്കാഞ്ചേരി കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
ചെറുതുരുത്തിയിൽ കള്ളപ്പണം പിടിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 10.30ന് ചേലക്കരയിലെ ഹോട്ടലിൽ അൻവർ പത്രസമ്മേളനം വിളിച്ചത്. 10 മിനിറ്റ് കഴിഞ്ഞപ്പോൾ എത്തിയ ഉദ്യോഗസ്ഥൻ പത്രസമ്മേളനം ചട്ട ലംഘനമാണെന്ന് അറിയിച്ചു. ആ ചട്ടം കാണിക്കാൻ അൻവർ പറഞ്ഞു. ഉദ്യോഗസ്ഥൻ ചട്ടത്തിലെ പല ഭാഗങ്ങളും വായിച്ചെങ്കിലും അതിലൊന്നും പത്രസമ്മേളനം പാടില്ല എന്നില്ലല്ലോ എന്ന് അൻവർ തിരിച്ചുചോദിച്ചു. നാട്ടിൽ കള്ളപ്പണം ഒഴുകുമ്പോഴും കോടികൾ ചെലവിട്ട് പ്രചാരണം നടത്തുമ്പോഴും നടപടി എടുക്കാത്തതെന്തേ എന്നും അൻവർ ഉദ്യോഗസ്ഥനോട് ചോദിച്ചു. 20 മിനിറ്റ് നേരത്തെ വാദപ്രതിവാദത്തിനൊടുവിൽ, വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ മടങ്ങിപ്പോയി. അൻവർ പത്രസമ്മേളനം തുടരുകയും ചെയ്തു.
‘വാ പോയ കോടാലിയെ’ പിണറായി എന്തിനു പേടിക്കുന്നുവെന്ന് അൻവർ ചോദിച്ചു. താൻ നിയമവിദഗ്ധരുമായി ആലോചിച്ചാണ് പത്രസമ്മേളനം നടത്തുന്നതെന്നും പിണറായിക്ക് ഉപദേശം കൊടുക്കുന്നത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും അൻവർ പറഞ്ഞു. മൂന്നു മുന്നണികളും ചേലക്കരയിൽ കോടികളാണ് ഒഴുക്കുന്നതെന്ന് അൻവർ ആരോപിച്ചു. സിപിഎം ചേലക്കരയിലെ സങ്കേതങ്ങളിൽ പണവും മദ്യവും ഒഴുക്കുകയാണെന്നും ആരോപിച്ചു.
ചെറുതുരുത്തിയിൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഒരു ലക്ഷം വായ്പ എടുത്ത് ജപ്തി ഭീഷണി നേരിടുകയാണ്. പ്രചാരണത്തിന് സ്ഥാപിച്ച പടുകൂറ്റൻ ബോർഡുകളിൽ ഒന്നിന്റെ പണം മതി ഇവർക്ക് ആ ജപ്തി ഒഴിവാക്കാൻ. സർക്കാർ ഉടമസ്ഥതയിലുള്ള മതിലുകളിലും ചുമരുകളിലും മൂന്നു മുന്നണികളും പോസ്റ്റർ പതിച്ചിട്ടുണ്ട്. ഇതൊന്നും കറുപ്പടിക്കാൻ കമ്മിഷന് കഴിഞ്ഞിട്ടില്ല. വൈദ്യുതത്തൂണുകളിലെല്ലാം പോസ്റ്ററുകളാണ്. ഏതെങ്കിലും മുന്നണി സ്ഥാനാർഥിയാണ് ജയിക്കുന്നതെങ്കിൽ, ഇതൊക്കെ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാൽ അവർ അയോഗ്യരാക്കപ്പെടുമെന്നും അൻവർ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നോഡൽ ഓഫിസർ കൂടിയായ സബ് കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ റിട്ടേണിങ് ഓഫിസർക്ക് രാത്രി നിർദേശം നൽകുകയായിരുന്നു. റിട്ടേണിങ് ഓഫിസർ കേസെടുക്കാൻ പൊലീസിനും നിർദേശം നൽകി. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പിലായിരിക്കും അനുമതി കിട്ടിയാൽ കേസെടുക്കുക. നേരത്തെ, താലൂക്ക് ആശുപത്രിയിൽ ഭീഷണി മുഴക്കിയതിന് അൻവറിനെതിരെ കേസെടുത്തിട്ടുണ്ട്.