ചരിത്രകാരൻ പി.സി.മാത്യുവിന് നാടിന്റെ യാത്രാമൊഴി
Mail This Article
കുന്നംകുളം ∙ ചരിത്രകാരനും മലങ്കരസഭ മാസികയുടെ പത്രാധിപസമിതി അംഗവുമായിരുന്ന അഡ്വ. പി.സി.മാത്യു പുലിക്കോട്ടിലിന് (90) നാടിന്റെ യാത്രാമൊഴി. തിങ്കളാഴ്ച അന്തരിച്ച മാത്യുവിന്റെ മൃതദേഹം ഇന്നലെ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കരിച്ചു. ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സംസ്കാര ശുശ്രൂഷയ്ക്കു ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യ കാർമികനായി. ഓർത്തഡോക്സ് സഭയുടെ ചരിത്രത്തോട് അങ്ങേയറ്റത്തെ പ്രതിപത്തിയുള്ള എഴുത്തുകാരനായി പ്രശസ്തി ആർജിച്ച മാത്യു ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
സഭാചരിത്രത്തോടു ചേർന്നു നിൽക്കുന്ന പുസ്തകങ്ങളായിരുന്നു ഏറെയും. ചരിത്രരേഖകൾ കണ്ടെത്താനും സൂക്ഷിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. ആർത്താറ്റ് പള്ളി പടിയോല ഉൾപ്പെടെ പടിയോലകളെ കുറിച്ച് ഗവേഷണം നടത്തി. കാലടി സംസ്കൃത സർവകലാശാലയിൽ പ്രഫ. സക്കറിയയുടെ മാർഗ നിർദേശത്തിലായിരുന്നു ഗവേഷണം. സഭയുടെയും പള്ളികളുടെയും ചരിത്രം വരും തലമുറകളിലേക്ക് പകരുന്നതിന് നിസ്തുല സംഭാവന വഹിച്ച മാത്യുവിന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലും ഗവേഷണം സജീവമായിരുന്നു.
ഇപ്പോൾ ഭദ്രാസന അരമന ഇരിക്കുന്ന സ്ഥലം ഭദ്രാസനത്തിനു വേണ്ടി വാങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചു. മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക പ്രവർത്തകനായിരുന്നു, അഭിഭാഷകനെന്ന നിലയിൽ കുന്നംകുളത്തും ചാവക്കാട്ടും ഏറെക്കാലം ജോലി ചെയ്ത അദ്ദേഹം ആ രംഗത്തും നേട്ടം കൈവരിച്ചു. ഡോ.കുഞ്ഞമ്മ മാത്യുവാണ് ഭാര്യ: മക്കൾ: ഡോ. ബാബു മാത്യു, ഡോ.ബീന മാത്യു.