കല്ലിനു കാറ്റുപിടിച്ചപോലെ ദേശീയപാത അതോറിറ്റി; യാത്രക്കാർ അപകടത്തിൽപ്പെടുമ്പോഴും നിസ്സംഗത തുടരുന്നു
Mail This Article
പുതുക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ നിത്യേനയെന്നോണം യാത്രക്കാർ അപകടത്തിൽപ്പെടുമ്പോഴും നടപടിയെടുക്കേണ്ട എൻഎച്ച്എഐയും ഭരണകൂടവും നിസ്സംഗത തുടരുന്നു. ദേശീയപാത അതോറിറ്റി യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇവിടെ ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. ബസുകൾ സ്റ്റാൻഡിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ എതിർവശത്ത് എൻഎച്ച്എഐയുടെ തന്നെ നിർദേശപ്രകാരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണത്തിന് എൻഎച്ച്എഐ എൻഒസി നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പുതുക്കാട് അടിപ്പാത നിർമാണത്തിനുള്ള അലൈൻമെന്റ് തയാറാക്കിയശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് എൻഎച്ച്എഐ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അപകടത്തിൽ യുവാവ് മരിച്ചിരുന്നു.
പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ വീണ്ടും അപകടം; കണ്ണുതുറക്കാതെ ഹൈവേക്കാരും പൊലീസും
പുതുക്കാട് ∙ ദേശീയപാതയിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരുക്കേറ്റു. കൊരട്ടി സ്വദേശി എളങ്കുന്നപ്പുഴ ജസ്റ്റിൻ ജോസിനാണ് (26) പരുക്കേറ്റത്. വൈകിട്ട് 4നായിരുന്നു അപകടം. കാറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു കാറിലിടിക്കുകയായിരുന്നു. ഇതേ കാറിനടിയിൽപ്പെട്ട ബൈക്ക് യാത്രികനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ജസ്റ്റിനെ ചാലക്കുടിയിലെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തും: പൊലീസ്
പുതുക്കാട് സ്റ്റാൻഡിനു മുന്നിൽ അപകടങ്ങൾ തുടരുന്ന വിഷയം എൻഎച്ച്എഐയുടെയും മോട്ടർ വാഹന വകുപ്പിന്റെയും അടിയന്തരശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പുതുക്കാട് എസ്എച്ച്ഒ വി.സജീഷ്‌കുമാർ പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരമായതിനാൽ മീഡയനിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യത്തിൽ പൊലീസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല. ബ്ലിങ്കർ ലൈറ്റുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ പൊലീസ് മുൻകയ്യെടുക്കും. ഹോം ഗാർഡിന്റെ കുറവുള്ളതിനാൽ ഇവിടെ പൊലീസിനെ ഡ്യൂട്ടിക്ക് സ്ഥിരമായി നിയമിക്കാൻ കഴിയാറില്ലെന്നും എസ്എച്ച്ഒ പറഞ്ഞു.