മുടങ്ങാനായി മാത്രം ഒരു യാത്രാ ബോട്ട് ; അഴീക്കോട് – മുനമ്പം ബോട്ട് സർവീസ് വീണ്ടും മുടങ്ങി
Mail This Article
അടുപ്പിക്കാനാകാത്തതാണു പ്രശ്നം. ഇന്നലെ രാവിലെ സർവീസ് തുടങ്ങിയെങ്കിലും മുനമ്പത്ത് ബോട്ടിൽ നിന്നു കരയിലേക്ക് കയർ വലിച്ചുകെട്ടി അതിസാഹികമായാണ് യാത്രക്കാർ ഇറങ്ങിയത്. ബോട്ടിന്റെ അടിഭാഗം മണൽത്തിട്ടയിൽ തട്ടി സർവീസ് നടത്താനാകാതെ വന്നതോടെ വൈകിട്ട് 3ന് കരാറുകാരൻ സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. താൽക്കാലിക ജെട്ടിക്കു സമീപത്തെ മണൽ നീക്കം ചെയ്താൽ മാത്രമേ സുഗമമായി ബോട്ട് സർവീസ് നടത്താനാകൂ.
ഞായറാഴ്ച ട്രയൽ റൺ നടത്തിയ ശേഷം തിങ്കളാഴ്ച സർവീസ് പുനരാരംഭിച്ചെങ്കിലും താൽക്കാലിക ബോട്ട് ജെട്ടിയുടെ കുറ്റികൾ ഇളകിയതു കാരണം അന്നു തന്നെ സർവീസ് നിർത്തേണ്ടിവന്നിരുന്നു. പിന്നീട് കുറ്റി ഉറപ്പിച്ച ശേഷം ചൊവ്വാഴ്ച സർവീസ് പുനരാരംഭിച്ചെങ്കിലും രാവിലെ 10നു വീണ്ടും മുടങ്ങി. അപകട സാധ്യതയിൽ സർവീസ് തുടരുന്നതിനിടയിലാണ് ഇന്നലെ ബോട്ടിന്റെ അടിഭാഗം മണൽത്തിട്ടയിൽ തട്ടി സർവീസ് നടത്താനാവാതെ വന്നത്. ഇന്നലെ ഒട്ടേറെ ആളുകൾ അഴീക്കോട് ജെട്ടിയിലും മുനമ്പത്തും എത്തിയിരുന്നു.
എറണാകുളം – തൃശൂർ ജില്ലകളുടെ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്. അഴീക്കോട് – മുനമ്പം പാലം നിർമാണത്തിനായി പുഴയിൽ പൈലിങ് തുടങ്ങിയതോടെ ആണ് ജങ്കാർ നിർത്തിയത്. മുനമ്പത്തെ ജെട്ടി പാലം നിർമാണത്തിനു പൊളിക്കേണ്ടി വന്നതിനാൽ ബോട്ട് സർവീസ് നിർത്തുകയായിരുന്നു. ഒട്ടേറെ സമരങ്ങളെ തുടർന്നാണു ബോട്ട് സർവീസ് പുനരാരംഭിച്ചത്.
ഞാൻ ഇവിടെ നിൽക്കുന്നില്ല; നാട്ടുകാർ എന്നെ തല്ലും: കരാർ ജീവനക്കാർ
‘ഞാൻ ഇവിടെ നിൽക്കുന്നില്ല. നാട്ടുകാർ എന്നെ തല്ലും.’ അഴീക്കോട് – മുനമ്പം ബോട്ട് സർവീസിലെ കരാർ ജീവനക്കാരന്റെ വാക്കുകളാണിത്. യാത്രയ്ക്ക് എത്തിയ വിദ്യാർഥികളും ഉദ്യോഗസ്ഥരും അടക്കം ഒട്ടേറെ പേർ വലിയ പ്രതിഷേധം അറിയിച്ചാണ് കടവിൽ നിന്നു മടങ്ങിയത്. കുറെ ആളുകൾ പ്രതികരിച്ചതോടെയാണ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങിയത്. 6 മിനിറ്റുകൊണ്ടു മറുകര എത്തേണ്ടവർ 14 കിലോമീറ്റർ വളഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാണു ചെല്ലുന്നത്.