ഒടുവിൽ ചിറങ്ങര റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി; പാലം തുറക്കാൻ 22 ദിവസം കൂടി
Mail This Article
ചിറങ്ങര ∙ വർഷങ്ങളുടെ കാത്തിരിപ്പു സഫലമാകുന്നു. റെയിൽവേ മേൽപാലത്തിലൂടെ ഡിസംബർ 7 മുതൽ ജനങ്ങൾക്കും വാഹനങ്ങൾക്കും യാത്ര ചെയ്യാം. 7ന് 10നു മന്ത്രി മുഹമ്മദ് റിയാസ് മേൽപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നു സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തിയ സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.മൂന്നര വർഷം മുൻപാണു മേൽപാലം നിർമാണം ആരംഭിച്ചത്. ഇന്നലെ പാലം തുറക്കുമെന്നായിരുന്നു അധികൃതരുടെ ഒടുവിലത്തെ പ്രഖ്യാപനമെങ്കിലും ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതോടെ ജനം പ്രതീക്ഷയിലാണ്. പ്രധാന സ്ലാബുകളുടെ ഇരുവശത്തും നടപ്പാതയുടെ സംരക്ഷണ ഭിത്തി, അവിടെ നിന്ന് താഴേക്ക് ഇറങ്ങുന്നതിനുള്ള ഗോവണി എന്നിവയുടെ നിർമാണവും പെയിന്റിങ് ജോലികളും പുരോഗമിക്കുകയാണ്.
പാലത്തിന്റെ പ്രധാന ഭാഗത്തുൾപ്പെടെ ഭാരപരിശോധന ഏതാനും ദിവസം മുൻപു പൂർത്തിയാക്കിയിരുന്നു. ആർബിഡിസിയുടെ നേതൃത്വത്തിലാണു സ്പാൻ വെയ്റ്റ് ടെസ്റ്റ് നടത്തിയത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണു വാഹന യാത്രാനുമതി നൽകാൻ തീരുമാനിച്ചത്. 250 ടൺ ഭാരമുള്ള കോൺക്രീറ്റ് കട്ടകൾ ഇറക്കി വച്ചായിരുന്നു ഭാരപരിശോധന.റെയിൽവേ ലവൽ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു പരിക്ഷണാടിസ്ഥാനത്തിൽ സ്റ്റീൽ ഡെക് സ്ലാബ് കോൺക്രീറ്റിൽ നിർമിക്കുന്ന ആദ്യത്തെ 9 പാലങ്ങളിലൊന്നാണു ചിറങ്ങരയിലേത്.
16 കോടിയോളം രൂപയാണു ചെലവ്. 2021ൽ നിർമാണം ആരംഭിച്ച പാലം ഒരുവർഷം കൊണ്ടു നിർമാണം പുർത്തിയാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടു പൂർത്തീകരണ തീയതികളിൽ മാറ്റം വരുത്തി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നിർമാണം നീണ്ടു പോയി.പാലത്തിന്റെ അനുബന്ധ റോഡുകളുടെ ടാറിങ് നടത്തി. ദേശീയപാതയിലേക്കു അനുബന്ധ റോഡ് സന്ധിക്കുന്ന ഭാഗത്തെ ആശയക്കുഴപ്പം ഇനിയും മാറിയിട്ടില്ല.അനുബന്ധ റോഡ് ദേശീയപാതയിലേക്കു രണ്ടായി പിരിഞ്ഞു പ്രവേശിക്കുമെന്നായിരുന്നു തുടക്കത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ഈ ഡിസൈൻ പിന്നീടു മാറ്റി. ദേശീയപാതയിൽ ഈ ഭാഗത്തു അടിപ്പാത നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടി പൂർത്തിയാകുന്നതോടെ പാലത്തിൽ നിന്ന് ഇറങ്ങിയെത്തുന്ന വാഹനങ്ങൾക്കു തിരിഞ്ഞു പോകാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണു നാട്ടുകാരുടെ പരാതി. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ റെയിൽവേയുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാമെന്ന് എംഎൽഎ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി സ്കറിയ, വർഗീസ് പയ്യപ്പിള്ളി, പോൾസി ജിയോ, വർഗീസ് തച്ചുപറമ്പൻ, ചാക്കപ്പൻ പോൾ വെളിയത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ എന്നിവരും എംഎൽഎയ്ക്ക് ഒപ്പമെത്തിയിരുന്നു.മേൽപാലം ഉദ്ഘാടനം നീളുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് കൂവൽ സമരം നടത്താൻ തീരുമാനിച്ചെങ്കിലും ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതോടെ സമരം മാറ്റി വച്ചു.