വയോധികയെ ആക്രമിച്ചു ലോട്ടറി ടിക്കറ്റും പണവും കവർന്നെന്ന പരാതി വ്യാജം
Mail This Article
ഗുരുവായൂർ ∙ പന്തായിൽ ക്ഷേത്രത്തിനു സമീപം ലോട്ടറി ടിക്കറ്റ് വിൽക്കുന്ന അയിനിക്കുളങ്ങര തങ്കമണിയെ (74)കഴിഞ്ഞ 3 ന് ആക്രമിച്ച് 2000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 500 രൂപയും കവർന്നെന്ന പരാതി വ്യാജം. വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാക്കൾ ദേവസ്വം ഇംഗ്ലിഷ് സ്കൂൾ മീഡിയം സ്കൂൾ റോഡിൽ തങ്കമണിയെ തള്ളിയിട്ട് കവർച്ച നടത്തി എന്നായിരുന്നു പരാതി. കല്ലിൽ വീണ് തല പൊട്ടി ചികിത്സ തേടിയിരുന്നു. ടെംപിൾ പൊലീസ് അന്നു തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ഇവർ സ്വയം വീണതാണെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇതു കണ്ടവരും ഉണ്ട്. ഒരു സ്ത്രീ ഓടി വന്ന് എഴുന്നേൽപിച്ചു. ബൈക്കിൽ വന്ന യുവാക്കൾ ഓട്ടോയിൽ കയറ്റി വിട്ട് 300 രൂപയും നൽകി. നഷ്ടപ്പെട്ടുവെന്ന പറഞ്ഞ ലോട്ടറിയും പണവും പഴ്സിൽ ഉണ്ടായിരുന്നു. നഷ്ടപ്പെട്ടതായി പറഞ്ഞ 60 ലോട്ടറി ടിക്കറ്റുകളുടെ ഫലം വന്നപ്പോൾ 12 ടിക്കറ്റുകൾക്ക് 1000 രൂപ വീതം 12,000 രൂപ സമ്മാനം പടിഞ്ഞാറേ നടയിലെ കടയിൽ നിന്നു വാങ്ങിയതായി ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അജയ്കുമാർ പറഞ്ഞു. പ്രായത്തിന്റെ ഓർമക്കുറവാകാം പരാതി നൽകാൻ കാരണമെന്നു കരുതുന്നു. ലോട്ടറി വിൽപനക്കാരിയെ ആക്രമിച്ചതിനെതിരെ അന്ന് സിഐടിയു യൂണിയൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.