കനാലുകളിൽ വെള്ളം കുറവ്; വെള്ളം സംഭരിക്കാനാവാതെ പതിയാർക്കുളങ്ങര തടയണ
Mail This Article
മുല്ലശേരി ∙കോൾമേഖലയിലെ പ്രധാന കനാലുകളായ ഫെയ്സ് കനാലിലും മുല്ലശേരി കനാലിലും വെള്ളം കുറഞ്ഞു. ഷട്ടറുകളില്ലാത്ത ഇടിയഞ്ചിറ റഗുലേറ്റർ വഴിയും ഏനാമാവ് റഗുലേറ്ററിന്റെ ചോർച്ച മൂലവും കനാലിൽ സംഭരിക്കേണ്ട വെള്ളം മുഴുവൻ കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള വളയം ബണ്ട് നിർമാണം പൂർത്തിയായിട്ടുമില്ല.ഇതിനിടെ പറപ്പൂർ മേഖലയിലെ കൃഷിക്ക് വെള്ളം സംഭരിക്കാനായി ഇൗ വർഷം നിർമാണം പൂർത്തിയാക്കിയ പതിയാർക്കുളങ്ങര തടയണ പ്രയോജനപ്പെടുത്തിയിട്ടില്ല. 8 സ്പാനോടുകൂടിയ തടയണയുടെ മുഴുവൻ ഷട്ടറുകളും തുറന്നു കിടക്കുകയാണ്.
ഇതു മൂലം മുല്ലശേരി കനാലിൽ വെള്ളം സംഭരിക്കാനാകുന്നില്ല.ഷട്ടറുകൾ കൈകാര്യം ചെയ്യാൻ ആളില്ലാത്തതു ഇവിടെ പ്രതിസന്ധിയാണ്.പറപ്പൂർ മേഖലയിലെ സംഘം കോൾ സൗത്ത്, നോർത്ത്, തരിശ് കരിമ്പന, നായ്ക്കൻ കോൾ, കാളിപാടം, പോന്നോർ താഴം, വടക്കേ പോന്നോർ താഴം, മേഞ്ചിറ, വളക്കുളം, ചാത്തൻകോൾ, ഒൻപതുമുറി, പണ്ടാരക്കോൾ, കടവലിൽ കോൾ, പുതൂർ കരിക്ക, ചീരുകണ്ടത്ത്, പേരാമംഗലം താഴം, മുണ്ടൂർ താഴം തുടങ്ങിയ പടവുകളിലെ കൃഷിക്ക് സഹായകരമാകും വിധമാണ് പതിയാർക്കുളങ്ങര തടയണ രൂപകൽപന ചെയ്തത്.
എഫ്ആർപി സാങ്കേതിക വിദ്യയോടുകൂടി നിർമിച്ച തടയണകൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.കോൾമേഖലയിൽ ചില പാടശേഖരങ്ങളിൽ നെൽച്ചെടി 60 ദിവസം പ്രായമായമാവുകയും ചിലയിടങ്ങളിൽ വിത പൂർത്തിയായി വരികയുമാണ്. ചുരുങ്ങിയത് 100 ദിവസം നല്ലൊരളവിൽ കനാലിൽ വെള്ളം ആവശ്യമുണ്ട്.