അതിരപ്പിള്ളി വിനോദ കേന്ദ്രം പാർക്കിങ് ഗ്രൗണ്ട്: ഇവിടെ മാലിന്യം ‘പാർക്ക് ’ചെയ്യരുത്
Mail This Article
അതിരപ്പിള്ളി ∙ വിനോദ കേന്ദ്രത്തിനു സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലെ ഭക്ഷണാവശിഷ്ടങ്ങളും അജൈവ മാലിന്യങ്ങളും നീക്കം ചെയ്യുന്നില്ലെന്ന് പരാതി. പെട്രോൾ പമ്പ് പരിസരത്തെ തിരക്കേറിയ പാർക്കിങ് ഗ്രൗണ്ടിലാണ് മാലിന്യം പെരുകിയത്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പഞ്ചായത്താണ് പണം പിരിക്കുന്നത്. ദീർഘ ദൂരങ്ങളിൽ നിന്ന് വരുന്ന സഞ്ചാരികൾ ഇവിടെ നിന്നാണ് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത്.
വെള്ള കുപ്പികളും പാത്രങ്ങളും ഗ്രൗണ്ടിന്റെ മുക്കിലും മൂലയിലും കൂട്ടിയിട്ട നിലയിലാണ്. ഭക്ഷണാവശിഷ്ടങ്ങൾ അഴുകിയ ദുർഗന്ധം പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായി നാട്ടുകാർ പറയുന്നു. ചില ദിവസങ്ങളിൽ പാർക്കിങ് ഗ്രൗണ്ടിൽ കാലു കുത്താൻ പോലും കഴിയാത്ത അവസ്ഥയിൽ മാലിന്യം ചിതറിയ നിലയാണ്. തെരുവു നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യവുമുണ്ട്. മഴയിൽ മാലിന്യം ഒഴുകി പരിസര പ്രദേശങ്ങളിലെ വീടുകളിലും എത്തുന്നതായി പരാതിയുണ്ട്.