മുണ്ടക്കൈ, ചൂരൽമല ദുരന്തം: കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മന്ത്രി
Mail This Article
തൃശൂർ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനമെന്നു മന്ത്രി കെ രാജൻ. ത്രിപുരയ്ക്കും സിക്കിമിനും ആന്ധ്രയ്ക്കും കേന്ദ്രത്തിന്റെ സഹായം ലഭിച്ചു. കേരളം ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എസ്ഡിആർഎഫിലെ ഫണ്ട് വിനിയോഗത്തിന് കൃത്യമായ മാനദണ്ഡമുണ്ട്. ആ ഫണ്ട് വിനിയോഗത്തിന് കേന്ദ്രത്തിന്റെ അനുമതി വേണ്ട. എസ്ഡിആർഎഫിലെ ഫണ്ട് ചൂരൽമല ദുരന്തബാധിതർക്ക് ഉപയോഗിക്കാം എന്ന് കേന്ദ്രം ഉത്തരവിറക്കുമോ? കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒരു പിഴവും ഇല്ല.
പിഴവ് ഉണ്ട് എന്ന് ഇതുവരെ കേന്ദ്രം പറഞ്ഞിട്ടുമില്ല. സർക്കാരിന് കോടതിയിൽ പ്രതീക്ഷയുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്ത സമയത്ത് നൽകിയ സഹായം കേരളത്തിന് എപ്പോൾ നൽകുമെന്ന് കോടതി ചോദിച്ചിരിക്കുകയാണ്. വയനാട്ടിലെ മനുഷ്യരുടെ മനസ്സിൽ കേന്ദ്രം ഇപ്പോൾ മറ്റൊരു രൂപത്തിലാണെന്നും അദ്ദേഹം പറഞ്ഞു.പൂരം വിഷയത്തിൽ എഴുന്നള്ളിപ്പും വെടിക്കെട്ടും അടക്കം രണ്ട് തരം പ്രതിസന്ധികളാണ് നിലവിൽ നേരിടുന്നതെന്നും 20ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു. പൊതുഅഭിപ്രായം രൂപീകരിച്ച് ചട്ടത്തിൽ ഭേദഗതി സാധ്യമാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.