റേഷൻ കടയിൽ നിന്നു ലഭിക്കുന്ന അരി കേടായതാണോ? ധാന്യങ്ങളുടെ അളവിൽ കുറവുണ്ടോ? അറിയിക്കാം
Mail This Article
തൃശൂർ ∙ റേഷൻ കടയിൽ നിന്നു ലഭിക്കുന്ന അരി കേടായതാണോ? റേഷൻ വ്യാപാരിയുടെയും സെയിൽസ്മാന്റെയും പെരുമാറ്റം നല്ലതല്ലേ? ധാന്യങ്ങളുടെ അളവിൽ കുറവുണ്ടോ? ഇത്തരം പരാതികളെന്തെങ്കിലും കാർഡുടമകൾക്കുണ്ടെങ്കിൽ കാര്യമായി പരിഗണിക്കാൻ ഭക്ഷ്യവകുപ്പ് വഴിയൊരുക്കി. എല്ലാ റേഷൻ കടകളിലും കാർഡുടമകളുടെ പരാതികൾ സ്വീകരിക്കാൻ റേഷനിങ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. അടുത്തമാസം 15 വരെ ലഭിക്കുന്ന പരാതികൾ ഭക്ഷ്യവകുപ്പ് ഇനം തിരിച്ചു പരിശോധിച്ചു നടപടിയെടുക്കും. റേഷൻ കടകൾ ‘ഉപഭോക്തൃ സൗഹൃദ’മാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു പരാതിപ്പെട്ടി സ്ഥാപിച്ചത്.
റേഷൻ നടത്തിപ്പിനെക്കുറിച്ചു മൊത്തത്തിലുള്ള അഭിപ്രായ രൂപീകരണം നടത്താനായാണ്പരാതിപ്പെട്ടികൾ പ്രവർത്തിക്കുക. ഓരോ താലൂക്ക് സപ്ലൈ ഓഫിസർമാർക്കും കീഴിൽ റേഷനിങ് ഇൻസ്പെക്ടർമാർക്കാകും പരാതിപ്പെട്ടി തുറക്കാനും പരാതികൾ തരംതിരിക്കാനുമുള്ള ചുമതല. ഇതുമായി ബന്ധപ്പെട്ട വിജിലൻസ് കമ്മിറ്റികൾക്കു മുന്നിൽ പരാതികൾ എത്തിക്കാനും ഫീൽഡ് പരിശോധന നടത്തി നടപടിയെടുക്കാനും കർശന നിർദേശമുണ്ട്. അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താനും ഇതുവഴി അവസരമുണ്ട്. ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കാനും ഇതിലൂടെ അവസരം ലഭിക്കും. ഓരോ ആഴ്ചയിലും എല്ലാ പരാതികളും തീർപ്പാക്കണമെന്നും നിർദേശമുണ്ട്.