ഗുരുവായൂരിൽ കോടതി വിളക്ക് ആഘോഷിച്ചു; ഇന്ന് പൊലീസ് വിളക്ക്, നാളെ ജി.ജി.കൃഷ്ണയ്യർ സൺസ് വിളക്ക്
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ കോടതി വിളക്ക് ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ന്യായാധിപന്മാർ, അഭിഭാഷകർ, കോടതി ജീവനക്കാർ, അഡ്വക്കറ്റ്സ് ക്ലാർക്കുമാർ എന്നിവർ വിളക്കാഘോഷത്തിൽ പങ്കെടുത്തു. ഇന്ന് പൊലീസ് വിളക്ക് ആഘോഷിക്കും. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പന്റെ മേളം, സന്ധ്യയ്ക്ക് തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ്, മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ.
നാളെ ഗുരുവായൂർ ജി.ജി.കൃഷ്ണയ്യർ സൺസ് വക വിളക്കാണ്. കാലത്ത് കാഴ്ചശീവേലി, ഗുരുവായൂർ ഗോപൻ മാരാർ നയിക്കുന്ന മേളം. ഉച്ച കഴിഞ്ഞ് കാഴ്ച ശീവേലിക്കും രാത്രി വിളക്കിനും അയിലൂർ അനന്തനാരായണൻ നയിക്കുന്ന പഞ്ചവാദ്യം, സന്ധ്യയ്ക്ക് തായമ്പക മഞ്ഞപ്ര അദ്വൈത്.ജി.വാരിയരുടെ തായമ്പക.
മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കാലത്ത് 5.30ന് കീർത്തന കൃഷ്ണകുമാറിന്റെ അഷ്ടപദി, 9.30ന് നെല്ലൂർ പി.എസ്.ബാലമുരുകൻ, പി.എസ്.സാരംഗൻ എന്നിവരുടെ നാഗസ്വര കച്ചേരി. സ്വാമിമലൈ ഗുരുനാഥൻ, പി.എം.രഞ്ജിത് വിനായക് (തകിൽ). സന്ധ്യയ്ക്ക് നാമസങ്കീർത്തനം മേലാർക്കോട് രവി ഭാഗവതർ.