കടവല്ലൂർ അന്യോന്യം; ഇരുയോഗങ്ങൾക്കും മികവ്
Mail This Article
കടവല്ലൂർ ∙ അന്യോന്യത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഇരുയോഗങ്ങളും മികച്ച രീതിയിൽ മന്ത്രാലാപനം പൂർത്തിയാക്കി. മുമ്പിലിരിക്കൽ നടത്തിയ തിരുനാവായ യോഗത്തിലെ ആത്രശ്ശേരി ഹരി നമ്പൂതിരി മൂന്നാം അഷ്ടകം നാലാം അധ്യായം പത്താം വർഗത്തിലെ 'വൃഷഭം ചര്ഷണീനാം' എന്നു തുടങ്ങി 10 ഋക്കുകൾ ഭംഗിയായി ചൊല്ലി. കോതമംഗലം വാസുദേവൻ നമ്പൂതിരി, നാരായണമംഗലത്ത് നാരായണൻ നമ്പൂതിരി എന്നിവർ കൈ കാണിച്ചു സഹായിച്ചു. രണ്ടാം വാരമിരുന്ന തൃശൂർ യോഗത്തിലെ കാപ്ര സായൺ നമ്പൂതിരി മൂന്നാം അഷ്ടകം ഒന്നാം അധ്യായം ഏഴാം വർഗത്തിലെ 'ത്വാമഗ്നേ മനീഷിണഃ' എന്നു തുടങ്ങി 10 ഋക്കുകൾ ഭംഗിയായി ചൊല്ലി.
തിരുമുക്ക് പരമേശ്വരൻ നമ്പൂതിരി, കപ്ലിങ്ങാട് പരമേശ്വരൻ നമ്പൂതിരി കൈ കാണിച്ചു സഹായിച്ചു. തിരുനാവായ യോഗത്തിലെ ചിറ്റശ്ശേരി മൂത്തേടം ജയകൃഷ്ണൻ നമ്പൂതിരി, സതീഷ് ദേശ്മുഖ് എന്നിവർ രഥ പ്രയോഗിച്ചു.ഇന്ന് രാവിലെ 7ന് മേളത്തോടെ ശീവേലി, 10ന് പഞ്ചവാദ്യത്തോടെ കലശമെഴുന്നള്ളിപ്പ്, 6.30നുള്ള ദീപാരാധനയ്ക്കു ശേഷം വാരമിരിക്കൽ എന്നിവ ഉണ്ടാകും.
വേദമന്ത്ര പരീക്ഷയിൽ മികവ് കാട്ടി ഒൻപതാം ക്ലാസുകാരൻ
വേദമന്ത്ര പരീക്ഷയിൽ പിഴയ്ക്കാതെ ഒൻപതാം ക്ലാസ് വിദ്യാർഥി. അന്യോന്യത്തിൽ ഇന്നലെ തൃശൂർ യോഗത്തിനു വേണ്ടി വാരമിരുന്ന കാപ്ര സയൺ നമ്പൂതിരിയാണ് (14) മന്ത്രാലാപനത്തിൽ മികവു കാട്ടി എല്ലാവരുടെയും പ്രീതി സമ്പാദിച്ചത്. ഋഗ്വേദം മൂന്നാം അഷ്ടകം ഒന്നാം അധ്യായം ഏഴാം വർഗത്തിലെ 'ത്വാമഗ്നേ മനീഷിണഃ' എന്നു തുടങ്ങുന്ന മന്ത്രമാണ് ഉച്ചാരണത്തിലും ആലാപന ശൈലിയിലും ഒരു പിഴവും വരുത്താതെ സയൺ ചൊല്ലിയത്.
ആദ്യമായിട്ടാണ് സയൺ അന്യോന്യത്തിൽ വാരമിരിക്കുന്നത്. വേദപണ്ഡിതൻ കാപ്ര മാറത്ത് ശങ്കരനാരായണൻ അക്കിത്തിരിപ്പാടിന്റെ പേരക്കുട്ടിയും എടപ്പാൾ വട്ടംകുളം കാപ്ര കേശവൻ നമ്പൂതിരിയുടെയും ശരണ്യ അന്തർജനത്തിന്റെയും മകനുമാണ്. തൃശൂർ വിവേകോദയം സ്കൂളിലാണു പഠിക്കുന്നത്.