ADVERTISEMENT

പഴുവിൽ വെസ്റ്റ്∙ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ബി.ജയപ്രകാശിന്റെ വീടിനു നേരെ ഗുണ്ടകൾ ആക്രമണം നടത്തിയതിൽ പ്രതിഷേധം നടക്കുന്നതിനിടെ സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണം. ഇതേസമയം, ജയപ്രകാശിന്റെ വീടിനു നേരെ വീണ്ടും ആക്രമണമുണ്ടായി. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദേവസ്വം മാനേജരുടെ ഓഫിസിൽ കയറിയ അക്രമികൾ വാൾ വീശി ഉപദേശകസമിതി പ്രസിഡന്റിനെതിരെ കൊലവിളി നടത്തി. മാനേജർ നന്ദകുമാറിനെ ഭീഷണിപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് 2 ബൈക്കുകളിലായി മാരകായുധങ്ങളുമായിയെത്തിയ മൂന്നംഗ സംഘമാണ് 3 സ്ഥലങ്ങളിലും ആക്രമണം നടത്തിയത്. പാർട്ടി ഓഫിസിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. ഓഫിസിന്റ ജനൽച്ചില്ലകൾ തകർക്കുകയും മുറ്റത്തെ ഇരുമ്പു സ്തൂപം  മറിച്ചിടുകയും ചെയ്തു.  കഴിഞ്ഞ 6നു പഴുവിൽ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ കയറി അസഭ്യം പറഞ്ഞ് കൊലവിളി നടത്തിയ പഴുവിൽ വെസ്റ്റ് പനമുക്കിൽ പ്രശാന്തിനെ (35) അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷേത്രക്കമ്മിറ്റിയും സർവകക്ഷിയോഗവും അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.

അന്തിക്കാട് പൊലീസ് കേസും എടുത്തു. ഈ കേസിലടക്കം പല കേസിലും പ്രതിയായ പ്രശാന്ത് 14നു രാത്രി വീട്ടിൽ തൂങ്ങി മരിച്ചു. മരണവീട്ടിലെത്തിയ ഇയാളുടെ കൂട്ടാളികൾ അന്നു തന്നെ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.എ.ദേവിദാസിന്റെയും സമിതി അംഗം കൂടിയായ എ.ബി.ജയപ്രകാശിന്റെ വീടാക്രമിച്ചു. 

‘പൊലീസ് പരാജയപ്പെട്ടാൽ പാർട്ടിയുടെ വഴി നോക്കേണ്ടിവരും’ 
ക്രിമിനലുകളെ വരുതിയിലാക്കാൻ പൊലീസ് സംവിധാനം പരാജയപ്പെട്ടാൽ പാർട്ടിക്ക് പാർട്ടിയുടേതായ വഴി നോക്കേണ്ടിവരുമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ ആക്രമിച്ച കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫിസും ലോക്കൽ സെക്രട്ടറിയുടെ വസതിയും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ, ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി.അശോകൻ, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരൻ, ജില്ലാ കൗൺസിൽ അംഗം കെ.എം.ജയദേവൻ എന്നിവരും സെക്രട്ടറി‌ക്ക് ഒപ്പമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com