സമ്പാളൂർ തീർഥാടന ദേവാലയത്തിൽ തിരുനാൾ ആഘോഷം ഡിസംബർ 4 മുതൽ 8 വരെ
Mail This Article
സമ്പാളൂർ ∙ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ഡിസംബർ 4 മുതൽ 8 വരെ ആഘോഷിക്കുമെന്നു വികാരി ഫാ.ജോൺസൺ പങ്കേത്ത് അറിയിച്ചു. തിരുനാളിന്റെ മുന്നൊരുക്കമായ ‘ആത്മാഭിഷേകം’ ബൈബിൾ കൺവൻഷൻ നവംബർ 20 മുതൽ 24 വരെ നടത്തും. വൈകിട്ട് 4.30 മുതൽ 9 വരെയാണു സമയം. പോട്ട ആശ്രമത്തിലെ ഡയറക്ടർ ഫാ.ഫ്രാൻസിസ് കർത്താനത്തിന്റെ നേതൃത്വത്തിലാണു കൺവൻഷൻ നടക്കുന്നത്. മൂവാറ്റുപുഴ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഏബ്രഹാം മാർ ജൂലിയസിന്റെ അനുഗ്രഹ പ്രഭാഷണത്തോടെയാണു തുടക്കം. കൺവൻഷനു ശേഷം വിവിധ പ്രദേശങ്ങളിലേക്കു പോകുന്നതിനു വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
25 മുതൽ ഡിസംബർ 3വരെ നവനാൾ ആചരിക്കും. ഡിസംബർ 4ന് 5നു തിരുനാളിനു വികാരി ഫാ.ജോൺസൺ പങ്കേത്ത് കൊടികയറ്റും. 5 നു പതിനായിരങ്ങൾ പങ്കെടുക്കുന്ന ഊട്ടുതിരുനാൾ, 6ന് ഇടവകദിനം, മതസൗഹാർദ സമ്മേളനം, 7നു പ്രസുദേന്തി വാഴ്ച. തിരുനാൾ ദിനമായ 8നു കോട്ടപ്പുറം രൂപതാ മെത്രാൻ റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.
ഡിസംബർ 13,14,15 തീയതികളിലായി എട്ടാമിടവും 21, 22 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കുമെന്നു സഹവികാരി റെക്സൺ പങ്കേത്ത്, ജനറൽ കൺവീനർ റോൾസൺ സിമേതി, കൈക്കാരൻമാരായ ഫ്രാൻസിസ് സിമേതി, ആഷ്‌ലി ഡി.റോസാരിയോ, പ്രസുദേന്തി പ്രതിനിധി കൊല്ലംവേലിയകത്ത് എബി റോഡ്ഗ്രിസ്, കേന്ദ്രസമിതി പ്രസിഡന്റ് ആന്റണി അവരേശ്, പാരിഷ് കൗൺസിൽ സെക്രട്ടറി ജോമോൻ പിൻഹീറോ, പബ്ലിസിറ്റി കൺവീനർ പോൾ പിൻഹീറോ, ബൈബിൾ കൺവൻഷൻ കൺവീനർ ബെന്നി പീറ്റർ എന്നിവർ അറിയിച്ചു.