ADVERTISEMENT

തൃശൂർ ∙ ശീതീകരിച്ച ആകാശ നടപ്പാത വീണ്ടും തുറന്നെങ്കിലും ശക്തൻ നഗറിൽ റോഡ് കുറുകെ കടക്കുന്നവർ ഒട്ടേറെയാണ്. റോഡിലെ ഡിവൈഡറുകൾ ബാരിക്കേഡ് സ്ഥാപിച്ചു കോർപറേഷൻ അടച്ചെങ്കിലും അവ മറികടന്നെത്തുന്നവരുമുണ്ട്. നഗരത്തിൽ ഏറ്റവും കൂടുതൽ‌ തിരക്ക് അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ ശക്തൻ നഗറിൽ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത. പഴയ പട്ടാളം റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ഹൈറോഡ് കണക്‌‌ഷൻ റോഡ് എന്നിവയെയാണ് ആകാശപ്പാത ബന്ധിപ്പിക്കുന്നത്. ശക്തൻ ബസ് സ്റ്റാൻഡ്, മത്സ്യ–മാസം മാർക്കറ്റ്, പഴം–പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ 4 ഭാഗങ്ങളിൽ നിന്നു ആകാശപ്പാതയിലേക്കു പ്രവേശിക്കാം.

അമല മെഡിക്കൽ കോളജ് സബ്‍വേക്കു മുന്നിൽ മുറിച്ചിട്ട മരവും അതിൽ പടർന്ന വള്ളിച്ചെടികളും.
അമല മെഡിക്കൽ കോളജ് സബ്‍വേക്കു മുന്നിൽ മുറിച്ചിട്ട മരവും അതിൽ പടർന്ന വള്ളിച്ചെടികളും.

നാലിടത്തും ലിഫ്റ്റുകളും പടികളുമുണ്ട്. ചുരുങ്ങിയത് അൻപതിനായിരംപേർ ദിനംപ്രതി ശക്തൻ നഗറിൽ വന്നു പോകുന്നു എന്നാണു കോർപറേഷന്റെ കണക്ക്. ഇതോടൊപ്പം പ്രധാന ജംക്‌ഷനായതിനാൽ പല സമയങ്ങളിലും വാഹനത്തിരക്കും ഗതാഗതക്കുരുക്കുമുണ്ട്. ഈ തിരക്കുകളിൽ അപകടങ്ങളും പതിവാണ്. ഇതു മനസ്സിലാക്കിയാണു ജനങ്ങളുടെ സുരക്ഷയ്ക്കായി ആകാശപ്പാത നിർമിച്ചത്. ശുചിമുറികളുടെയും കോഫി ഷോപ്പുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ആകാശപ്പാത ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണു കരുതുന്നത്. പുലർച്ചെ 5.30നാണ് ആകാശപ്പാത തുറക്കുക. രാത്രി 9ന് അടയ്ക്കും.

തൃശൂർ എംഒ റോഡിൽനിന്നു സ്വരാജ് റൗണ്ട് മുറിച്ചുകടക്കുന്നവർ.
തൃശൂർ എംഒ റോഡിൽനിന്നു സ്വരാജ് റൗണ്ട് മുറിച്ചുകടക്കുന്നവർ.

ജീവൻ കയ്യിൽ പിടിച്ച് റോഡ് കുറുകെ കടക്കേണ്ട; ഉപയോഗിക്കാം സബ്‌വേയും ആകാശപ്പാതയും
തൃശൂർ ∙ റോഡപകടങ്ങൾ കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും വേണ്ടിയാണു കോർപറേഷൻ നഗരത്തിൽ 3 സബ്‌വേയും (ഭൂഗർഭ നടപ്പാത) ആകാശനടപ്പാതയും (സ്കൈവോക്ക്) നിർമിച്ചത്. എന്നാൽ ഈ ജനസുരക്ഷാ സൗകര്യങ്ങൾ കാൽനടയാത്രക്കാർ ഉപയോഗിക്കാൻ മടിക്കുന്നതായാണു മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. നഗരഹൃദയമായ സ്വരാജ് റൗണ്ടിൽ രണ്ടു സബ്‌വേയും മുനിസിപ്പൽ ഓഫിസ് റോഡിൽ (എംഒ റോഡ്) ഒരു സബ്‌വേയുമുണ്ട്. ഇതോടൊപ്പം ശക്തൻ നഗറിൽ 4 പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ആകാശപ്പാതയും. എന്നാൽ ഇവ ഉപയോഗിക്കാതെ എളുപ്പത്തിനായി റോഡ് കുറുകെ കടക്കുകയാണ് ഒട്ടേറെ കാൽനടയാത്രക്കാർ. 

പാറമേക്കാവിനു സമീപം സബ്‌വേ ഉപയോഗിക്കാതെ റോഡ് മുറിച്ചുകടക്കുന്നവർ.
പാറമേക്കാവിനു സമീപം സബ്‌വേ ഉപയോഗിക്കാതെ റോഡ് മുറിച്ചുകടക്കുന്നവർ.

അപകടങ്ങൾ ഒഴിവാക്കാൻ കോർപറേഷനും സിറ്റി ട്രാഫിക് പൊലീസും ശ്രമിക്കുമ്പോൾ അപകടത്തിലേക്ക് ഓടിക്കയറുകയാണു പല യാത്രക്കാരും. സബ്‌വേയും ആകാശപ്പാതയും ഉപയോഗിച്ചു തിരക്കേറിയ നഗരത്തിലെ റോഡുകളിലൂടെയുള്ള കാൽനടയാത്ര അവസാനിപ്പിക്കണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 

റൗണ്ടിലെ സബ്‌വേകൾ
സ്വരാജ് റൗണ്ടിലും റൗണ്ടിലെ സീബ്രാലൈനുകളിലും വാഹനാപകടങ്ങൾ പതിവായപ്പോഴാണു കോർപറേഷൻ  സബ്‌വേകൾ സമ്മാനിച്ചത്. ഒന്ന് പാറമേക്കാവ് ക്ഷേത്ര പരിസരത്തും മറ്റൊന്ന് എംഒ റോഡ് ജംക്‌ഷനിലും. ഒരു വരി (വൺവേ) മാത്രം ഗതാഗതമുള്ള സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്കു മുൻപിലൂടെ ജീവൻ കയ്യിൽ പിടിച്ച് ഓടുന്നത് ഒഴിവാക്കാൻ ഇരു സബ്‌വേകളും ഏറെ സഹായിക്കും. എന്നാൽ എളുപ്പവഴിക്കു റോഡിലൂടെ തന്നെ മറുവശം കടക്കുന്ന പ്രവണതയ്ക്കു കുറവില്ല. 

തൃശൂർ സ്വരാജ് റൗണ്ടിൽ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് റോഡ് മുറിച്ചു കടക്കുന്നവർ.
തൃശൂർ സ്വരാജ് റൗണ്ടിൽ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് റോഡ് മുറിച്ചു കടക്കുന്നവർ.

മറുവശം കടക്കാൻ റോഡരികിൽ കാത്തുനിൽക്കാൻ തയാറാണു പലരും. എന്നാലും സമീപത്തുള്ള സബ്‌വേ ഉപയോഗിക്കുന്നില്ല. പാറമേക്കാവ് പരിസരത്തുനിന്നും തേക്കിൻകാട് മൈതാനിയിൽനിന്നും സബ്‌വേക്കു പ്രവേശന കവാടങ്ങളുണ്ട്. എംഒ റോഡ് ജംക്‌ഷനിലെ സബ്‌വേ വഴി തെക്കേഗോപുര നടയ്ക്കു മുൻപിലേക്കും തിരികെയും എത്താം. 

എംഒ റോഡിലെ സബ്‌വേ
യാത്രക്കാർക്കു റോഡ് കുറുകെ കടക്കാനുള്ള പ്രയാസവും ഗതാഗതക്കുരുക്കും കണക്കിലെടുത്തു 2019ലാണു എംഒ റോഡിൽ സബ്‌വേ നിർമിച്ചത്. കോർപറേഷൻ ഓഫിസിനു മുൻപിലും ജയ്ഹിന്ദ് മാർക്കിനു സമീപത്തും പ്രവേശന കവാടങ്ങളുണ്ട്. എന്നാൽ സബ്‌വേ പലരും കണ്ടില്ലെന്നു നടിക്കുന്ന സ്ഥിതിയാണ്. കോർപറേഷൻ ഓഫിസിനു മുന്നിലുള്ള പ്രതിമയ്ക്കു സമീപം സാഹസികമായി റോഡ് കുറുകെ കടക്കാനാണു യാത്രക്കാർ ശ്രമിക്കുന്നത്. പലരും പ്രതിമയെ വലംവച്ചാണു റോഡ് കടക്കുന്നത്.

രാവിലെയും വൈകിട്ടും സ്കൂൾ–കോളജ് വിദ്യാർഥികളുടെയും ജോലിക്കാരുടെയും വലിയ തിരക്കാണു റൗണ്ടിലും എംഒ റോഡിലും. ബസുകളുടെ മുന്നിലൂടെയാണു പലരും റോഡ് കടക്കുന്നത്.  സബ്​വേയുടെ ഉൾഭാഗത്ത് കുടിവെള്ളം, മൊബൈൽ ചാർജിങ് സൗകര്യം, എൽഇഡി ലൈറ്റുകൾ എന്നിവയുണ്ട്. 

അമലനഗർ സബ്‌വേ
ജനത്തിരക്കേറിയ തൃശൂർ–കുന്നംകുളം പാതയിൽ അമലനഗർ സെന്ററിൽ അപകടങ്ങൾ കുറയ്‌ക്കാനാണു സബ്‌വേ നിർമിച്ചത്. എന്നാൽ ഇന്നു സബ്‌വേയുടെ ഒരു ഭാഗത്ത് പാഴ്ച്ചെടികൾ വളർന്ന സ്ഥിതിയാണ്. ഇതോടൊപ്പം സബ്‌വേ കാണാൻ കഴിയാത്ത വിധത്തിൽ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ പാർക്ക് ചെയ്തിട്ടുമുണ്ട്. അമല മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവരും മെഡിക്കൽ വിദ്യാർഥികളും സബ്‌വേ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കൂടുതൽ ആളുകളും നാലുവരി റോഡ് കുറുകെ കടന്നാണു പോകുന്നത്.

സ്വരാജ് റൗണ്ടിൽ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക്  പരുക്ക്
ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നിതിനിടെ  സ്വരാജ് റൗണ്ടിൽ ബസിടിച്ചു സ്കൂട്ടർ യാത്രക്കാരിക്കു പരുക്ക്. മുഖത്തും കൈക്കും പരുക്കേറ്റ പട്ടിക്കാട് വലിയവീട്ടിൽ ബിന്ദുവിനെ (41)  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6നു തൃശൂർ സിറ്റി സെന്ററിനു സമീപത്തായിരുന്നു അപകടം.  ബസ് ജീവനക്കാർ ഇറങ്ങി നോക്കിയെങ്കിലും പരുക്കേറ്റയാളെ സഹായിക്കാതെ യാത്ര തുടർന്നതായി ദൃക്സാക്ഷികളായ ഓട്ടോത്തൊഴിലാളികൾ പറഞ്ഞു.  പരുക്കേറ്റ ബിന്ദുവിനെ ഓട്ടോറിക്ഷത്തൊഴിലാളികളാണ്  ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീടു അശ്വിനി ആശുപത്രിയിലും  എത്തിച്ചത്. തൃശൂർ ജില്ലാ കോടതിയിൽ ക്ലാർക്കാണ് ബിന്ദു.

സിംപിളായി ബ്ലോക്ക് ഒഴിവാക്കാം 
വളഞ്ഞു മൂക്കിൽ തൊടുക എന്നു കേട്ടിട്ടില്ലേ! അത് അനുഭവിച്ചറിയണമെങ്കിൽ നിങ്ങൾ തൃശൂർ നഗരത്തിലെ ബസിൽ കയറിയാൽ മതി. വേണ്ട ക്രമീകരണങ്ങളില്ലാതെ ശക്തനിൽ നടത്തിയ ഗതാഗത പരിഷ്കരണത്തിന്റെ ഫലമാണ് നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക്. ശക്തൻ സ്റ്റാൻഡിലേക്കു കയറേണ്ട ബസുകൾ ഇപ്പോൾ ശക്തൻ പ്രതിമ ചുറ്റണം. ഇങ്ങനെ ചുറ്റാൻ പോകുന്ന ഭാഗത്താണ് ഒല്ലൂർ, എറണാകുളം റൂട്ടിലെ ഹ്രസ്വ ദൂര- ദീർഘദൂര ബസുകൾ എല്ലാം നിർത്തി ആളെ കയറ്റുന്നത്. ഫലം ആ ലെയ്നിൽ കട്ട ബ്ലോക്ക്. 

ശക്തൻ സ്റ്റാൻഡ് അറ്റകുറ്റപ്പണിയും കൂർക്കഞ്ചേരി ഭാഗത്തെ റോഡ് പണിയും ഒരേസമയം വരുമ്പോൾ ശക്തൻ റൗണ്ട് ഭാഗത്ത് മിനിമം ഗതാഗത പരിഷ്കരണമെങ്കിലും നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ഇന്നു മുതലെങ്കിലും ആലോചിക്കാവുന്ന ചില പോംവഴികൾ:

∙ പാലക്കാട് ഭാഗത്തേക്കു പോകേണ്ട ബസുകൾ ഹൈറോഡിലേക്കു പ്രവേശിക്കാതെ ഇക്കണ്ട വാരിയർ റോഡിലൂടെ തിരിച്ച് വിട്ടാൽ കുരുക്കഴിക്കാൻ സാധിക്കും.
∙ എറണാകുളം ഭാഗത്തേക്കു പോകേണ്ട ബസുകളിൽ ആളുകളെ കയറ്റുന്നത് ഹൈറോഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നു മാറ്റി പകരം ശക്തനിലെ പച്ചക്കറി മാർക്കറ്റിനു സമീപത്തേക്കു മാറ്റി, അവ മനോരമ റൗണ്ട് ചുറ്റി ഒല്ലൂർ ഭാഗത്തേക്കു വിട്ടാൽ ശക്തനിലെ ബ്ലോക്കിന് ആശ്വാസം കണ്ടെത്താൻ പറ്റും.
∙എറണാകുളം ഭാഗത്തേക്കു പോകുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് തൊട്ടടുത്ത സ്റ്റോപ് പുതുക്കാട് ബസ് സ്റ്റാൻഡ് ആണ്. ഈ ബസുകളുടെ റൂട്ട്  ഒല്ലൂരിനു പകരം നടത്തറ വഴിയോ കുട്ടനെല്ലൂർ വഴിയോ ആക്കിയാൽ കുരുക്കിൽ നിന്നു രക്ഷപ്പെടാം. കുരുക്കുമൂലം സമയനഷ്ടമല്ല ആയിരക്കണക്കിനു രൂപയുടെ ഇന്ധന നഷ്ടവുമാണ് നിത്യവും ഉണ്ടാകുന്നത്.

English Summary:

Despite the construction of three new subways and a skywalk aimed at enhancing pedestrian safety and mitigating road accidents in [City Name], a recent investigation by Malayala Manorama has uncovered a concerning trend: pedestrians are reluctant to utilize these newly established public safety facilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com