ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ പുകക്കുഴൽ പുനഃസ്ഥാപിക്കാൻ തുടങ്ങി: സംസ്കാരം ഉടൻ ആരംഭിച്ചേക്കും
Mail This Article
ചാലക്കുടി ∙ നഗരസഭ ക്രിമറ്റോറിയത്തിൽ മാസങ്ങൾക്കു മുൻപു തകർന്നു വീണ പുകക്കുഴൽ പുനഃസ്ഥാപിക്കാൻ തുടങ്ങി. കാലപ്പഴക്കവും തുടർച്ചയായ ഉപയോഗവും കാരണമാണു പുകക്കുഴൽ ഒടിഞ്ഞു വീണതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ നിർത്തിവച്ചിരുന്ന ക്രിമറ്റോറിയത്തിലെ സംസ്കാര ചടങ്ങുകൾ ഈയാഴ്ച തന്നെ പുനരാരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഒക്ടോബർ 3ന് പുകക്കുഴൽ ഒടിഞ്ഞതോടെ ഇവിടെ സംസ്കാര ചടങ്ങുകൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു.
പുതിയ പുകക്കുഴൽ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി 5നു തന്നെ ക്വട്ടേഷൻ വിളിക്കുകയും 8നു നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ സപ്ലിമെന്ററി അജൻഡയായി ഉൾപ്പെടുത്തുകയും ചെയ്തെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ടെൻഡർ അംഗീകരിക്കാനായില്ല. പുതിയ പുകക്കുഴൽ സ്ഥാപിക്കാനുള്ള ടെൻഡറിന് അന്നു തന്നെ നഗരസഭാധ്യക്ഷൻ മുൻകൂർ അംഗീകാരം നൽകി എഗ്രിമെന്റ് വച്ചു തൊട്ടടുത്ത ദിവസം നിർമാണം ആരംഭിക്കുകയും ചെയ്തു.
ആലുവയിലെ ഹൈടെക് എന്ന സ്ഥാപനമാണു നിർമാണം കരാറെടുത്തത്. സംസ്ഥാന ശുചിത്വ മിഷൻ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു 100 അടി ഉയരമുള്ള പുകക്കുഴൽ കോയമ്പത്തൂരിലെ പ്ലാന്റിൽ നിർമാണം പൂർത്തിയാക്കി ഇവിടെ എത്തിച്ചു സ്ഥാപിക്കുകയായിരുന്നു. നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ദീപു ദിനേശ്, നഗരസഭ യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ,
നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ആനി പോൾ, വത്സൻ ചമ്പക്കര, ലിബി ഷാജി, ജോജി കാട്ടാളൻ, കെ.പി.ബാലൻ, നഗരസഭ എൻജിനീയർ എം.കെ.സുഭാഷ്, ക്രിമറ്റോറിയം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.കുമാരൻ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എൻഎസ്എസ് കരയോഗം ഭാരവാഹികളായ കെ.ബി.മുരളീധരൻ, അമ്പാടി ഉണ്ണിക്കൃഷ്ണൻ എന്നിവരെത്തി നിർമാണ പ്രവർത്തനം വിലയിരുത്തി.