യുവാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണം; 3 പ്രതികൾ അറസ്റ്റിൽ
Mail This Article
വെങ്കിടങ്ങ് ∙ മേച്ചേരിപ്പടിയിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. സംഭവത്തിൽ 3 പ്രതികളെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മേച്ചേരിപ്പടി പതിയംകടവ് സ്വദേശികളായ മരുത് വീട്ടിൽ വിഷ്ണു(24), ചേച്ചാട്ടിൽ വീട്ടിൽ അജിത്ത് (21), മാളോത്ത് വീട്ടിൽ അഭയ്(21) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.ജി.കൃഷ്ണകുമാർ, എസ്ഐമാരായ എം.ഉണ്ണിക്കൃഷ്ണൻ, എൻ.സജീവ്, ഐബിഎഎസ്ഐമാരായ സുരേഷ്കുമാർ, നന്ദകുമാർ സിപിഒമാരായ ജയകൃഷ്ണൻ, ഹരികൃഷ്ണൻ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രധാന പ്രതിയായ മരുത് വീട്ടിൽ വിപിൻ(25) സംഭവത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. മേച്ചേരിപ്പടി പതിയംകടവ് പരിസരത്ത് താമസിക്കുന്ന പെന്മാട്ട് അയ്യപ്പുവിന്റെ മകൻ ദിജിനെയാണ് (35) മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്ന വിവരം പൊലീസിനെ അറിയിച്ചു എന്ന് ആരോപിച്ചായിരുന്നു കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ ദിജിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ദിജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് പാവറട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികൾ സംഘം ചേർന്ന് ലഹരി വസ്തുക്കൾ ഉപയോഗിച്ച് വരുന്നവരും വിൽപന നടത്തുന്നവരുമാണെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.