പാചക വിദഗ്ധൻ കണ്ണൻ സ്വാമി അന്തരിച്ചു
Mail This Article
തൃശൂർ ∙ സദ്യവട്ടങ്ങളിൽ രുചിയുടെ മന്ത്രം ചാലിച്ച പ്രശസ്ത പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി (52) അന്തരിച്ചു. കരൾ സംബന്ധമായ രോഗം മൂലം രണ്ടര മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. മൃതദേഹം ഇന്നലെ വൈകിട്ട് പഴയനടക്കാവിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് 9നു തൃശൂർ എംജി റോഡിലെ ബ്രാഹ്മണസഭ ശ്മശാനത്തിൽ. പാലട പായസത്തിന്റെ രുചിപ്പെരുമ മൂലം പാലട കണ്ണൻ എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവിതാംകുർ മഹാരാജാവിൽ നിന്നു പട്ടും വളയും വാങ്ങിയ മുത്തച്ഛൻ വെളപ്പായ കൃഷ്ണയ്യരുടെ പാത പിന്തുടർന്നാണു കണ്ണൻ രുചിയുടെ ലോകത്തേക്ക് എത്തിയത്. അച്ഛൻ ഹരിഹരനും പാചക വിദഗ്ധനായിരുന്നു.
1992ൽ ആണ് കുലത്തൊഴിലായ പാചകം കണ്ണൻ ഏറ്റെടുക്കുന്നത്. പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു പാചക കലയിൽ തന്റേതായ ഇടം ഒരുക്കിയെടുത്ത അദ്ദേഹം സദ്യ വിഭവങ്ങളിൽ രുചിയുടെ പര്യായമായി മാറി. പല കലോത്സവങ്ങൾക്കും അടുക്കളയൊരുക്കി പ്രശസ്തി നേടി. പിന്നീടു കാറ്ററിങ് മേഖലയിലും കൈപുണ്യം തെളിയിച്ചു. 1994ൽ കോട്ടപ്പുറത്ത് ചെറുകിട യൂണിറ്റായി കൃഷ്ണ കേറ്ററിങ് ആരംഭിച്ചു.
ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റർനാഷനൽ ക്വാളിറ്റി മാനേജ്‌മെന്റ് പുരസ്‌കാരം കൃഷ്ണ കേറ്ററിങ്ങിനു ലഭിച്ചു. 2006, 2008, 2009 വർഷങ്ങളിൽ സിബിഎസ്ഇ കലോത്സവത്തിന് ഭക്ഷണമൊരുക്കിയതു കണ്ണൻ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ ക്ഷേത്രാഘോഷങ്ങൾക്കും പ്രശസ്തമായ ഒല്ലൂർ പള്ളി തിരുനാളിനും ആയിരങ്ങൾക്ക് വിഭവങ്ങളൊരുക്കി. മകൻ രാഹുലും പാചക മേഖലയിലുണ്ട്. രാജലക്ഷ്മി ആണ് അമ്മ. ഭാര്യ: മീന. മകൾ: രമ്യ.