ഗാന്ധിഗ്രാം ത്വക്രോഗാശുപത്രിയിൽ അന്തേവാസികൾ പൊരുതണം; രോഗത്തോട് മാത്രമല്ല, അപകടത്തോടും
Mail This Article
തിരുമുടിക്കുന്ന് ∙കാലപ്പഴക്കമുള്ള വൈദ്യുതി സംവിധാനങ്ങളും ഏതു നിമിഷവും നിലം പൊത്താവുന്ന കെട്ടിടവും ഗാന്ധിഗ്രാം ത്വക്‌രോഗ ആശുപത്രി അന്തേവാസികൾക്കു ഭീഷണിയാകുന്നു. തുരുമ്പെടുത്തു തുടങ്ങിയ ബോക്‌സും അനുബന്ധ സംവിധാനങ്ങളും നവീകരിക്കണമെന്ന ദീർഘകാലത്തെ ആവശ്യവും അവഗണനയിലാണ്. വൈദ്യുതി ലൈനുകളും ദ്രവിച്ചു തുടങ്ങിയതോടെ കമ്പികൾ പൊട്ടുന്നതും പതിവായി.
സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗമാണ് ഇവിടത്തെ വൈദ്യുതി സംബന്ധമായ ജോലികൾ നടത്തേണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുതി വിതരണ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥിതിയും കഷ്ടമാണ്.
ചോർച്ചയാണു പ്രധാന പ്രശ്നം. മുകൾത്തട്ടിലെ സ്ലാബ് അടർന്നു തുടങ്ങിയ നിലയിലാണ്. കോൺക്രീറ്റ് കമ്പികൾ പുറത്തു വന്ന നിലയിലും ചുമരുകൾ വിണ്ടുകീറിയ നിലയിലും.പതിറ്റാണ്ടുകൾക്കു മുൻപാണു വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികൾ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം പുർത്തിയാക്കിയത്. മഴ പെയ്താൽ വൈദ്യുത ബോക്‌സിലേക്കും ഫ്യൂസിലേക്കും വെള്ളം വീഴുന്നു. ഇതു തടയാനായി കെട്ടിടത്തിന്റെ മുകളിൽ ടാർപോളിൻ കെട്ടിയിട്ടുണ്ട്. ഈ ഭാഗത്തു വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുണ്ടെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പു നൽകുന്നു.
പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടാവുന്ന സൗകര്യങ്ങളില്ലാത്തതു പലപ്പോഴും അന്തേവാസികളെയും രാത്രി ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെയും വെട്ടിലാക്കുന്നു. ശാരീരിക വെല്ലുവിളികളും അംഗവൈകല്യവുമുള്ള അന്തേവാസികൾക്കു വൈദ്യുതി വിതരണം തടസപ്പെടുന്നതു വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. വൈദ്യുതി നിലച്ചാൽ ജീവനക്കാർക്കും അന്തേവാസികൾക്കും മൊബൈൽ ഫോണിന്റെ വെളിച്ചമാണു പലപ്പോഴും ആശ്രയം. കാടു വളർന്ന പരിസരം കാരണം ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
പൊതുമരാമത്ത് വിഭാഗത്തോടു പരാതിപ്പെട്ടാലും ലൈൻമാൻ തസ്തിക ഇല്ലെന്ന കാരണം ചുണ്ടിക്കാട്ടി അറ്റകുറ്റപ്പണികൾക്ക് അവരുടെ സേവനം ലഭിക്കാറില്ലെന്നാണു പ്രധാന പരാതി. ആശുപത്രിയിലെ അടിയന്തര വൈദ്യുതി പ്രതിസന്ധികൾ പരിഹരിക്കാനുള്ള ചുമതല കെഎസ്ഇബിക്കു കൈമാറണമെന്ന ദീർഘകാലമായുള്ള ആവശ്യവും നടപ്പായിട്ടില്ല.