തൃശൂർ- കൊടുങ്ങല്ലൂർ റോഡ് നവീകരണം: കോൺക്രീറ്റിങ്ങിന് പിന്നാലെ പൈപ്പ് പൊട്ടി വെള്ളമൊഴുകി
Mail This Article
ഇരിങ്ങാലക്കുട∙തൃശൂർ- കൊടുങ്ങല്ലൂർ റോഡിന്റെ നവീകരണം നടക്കുന്ന ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം വരെയുള്ള ഭാഗത്ത് ചൊവ്വാഴ്ച ആദ്യ ലെയർ കോൺക്രീറ്റിങ് നടത്തിയതിനു തൊട്ടുപിന്നാലെ ജലവിതരണ പൈപ്പ് പൊട്ടി കോൺക്രീറ്റിനു മുകളിലൂടെ വെള്ളം ഒഴുകിയതു വിവാദമായി. ക്രൈസ്റ്റ് കോളജ് ജംക്‌ഷനിൽ റോഡിന്റെ തെക്കുഭാഗത്ത് മൂന്നിടത്താണ് രാത്രി പൈപ്പ് പൊട്ടിയത്. റോഡിൽ 15 സെന്റി.മീ ഉയരത്തിലാണ് ചൊവ്വ പകൽ ആദ്യഘട്ട കോൺക്രീറ്റിങ് നടത്തിയത്.
കുടിവെള്ള വിതരണത്തിനായി പുതിയതായി സ്ഥാപിച്ച പൈപ്പുകളാണ് പൊട്ടിയതെന്നു സംശയമുണ്ടെന്ന് ആരോപിച്ച് നഗരസഭാ കൗൺസിലർ ബിജു അക്കരക്കാരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് എന്നിവരാണ് രംഗത്തു വന്നത്. എന്നാൽ വീടുകളിലേക്ക് വെള്ളം എത്തിക്കാൻ വർഷങ്ങൾക്ക് മുൻപ് റോഡിൽ നിന്ന് അര മീറ്റർ താഴ്ചയിൽ സ്ഥാപിച്ച പൈപ്പാണ് കാലപ്പഴക്കം കൊണ്ട് പൊട്ടിയത്. ലീക്കുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുമെന്ന് കെഎസ്ടിപിഎ അധികൃതർ പറഞ്ഞു.
വിഷയം അറിഞ്ഞ് നഗരസഭ നഗരസഭാ അധ്യക്ഷ മേരിക്കുട്ടി ജോയ്, സ്ഥിരസമിതി അധ്യക്ഷൻമാരും എത്തി. വാട്ടർ അതോറിറ്റി അധികൃതർ കൂടി നിർമാണ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണം ജന പ്രതിനിധികൾ ആവശ്യപ്പെട്ടു. നവീകരണത്തിന്റെ ഭാഗമായി പുതിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് റോഡിന്റെ തെക്കു വശത്ത് കോൺക്രീറ്റ് കഴിഞ്ഞു വരുന്ന ഭാഗത്താണ്. പഴയ ജലവിതരണ പൈപ്പുമായി ഇനിയും ഇത് ബന്ധിപ്പിച്ചിട്ടില്ല. കോളജ് ജംക്‌ഷനിൽ റോഡ് പൊളിച്ചു പുനർ നിർമിക്കുന്ന ഘട്ടത്തിൽ മാത്രമേ പുതിയ പൈപ്പിലൂടെ ജലവിതരണം ആരംഭിക്കൂ. ഇതോടെ ലീക്കുള്ള പൈപ്പുകൾ ഉപയോഗശൂന്യമാകുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു. ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം വരെയുള്ള അടുത്ത ഘട്ടത്തിലെ കോൺക്രീറ്റിങ് ഒരാഴ്ചയ്ക്ക് ശേഷം നടക്കുമെന്ന് അധികൃതർ അറിയിച്ചു.