തൃശൂരിന് ‘ദിശാ’സന്ധി; വഴി തെറ്റിക്കരുത്, ദിശാബോർഡുകൾ സ്ഥാപിക്കണം
Mail This Article
തൃശൂർ ∙സംസ്ഥാനത്തെ ഏതു ജില്ലയിൽ നിന്നും തൃശൂർ നഗരത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ, തൃശൂർ നഗരത്തിനുള്ളിലെത്തിയ ശേഷം എങ്ങോട്ടു നീങ്ങണമെങ്കിലും അത്ര പരിചയമില്ലാത്തവർ ഒന്നു വിയർക്കും.
വഴിചൂണ്ടിക്കാട്ടുന്ന സൈൻബോർഡുകളില്ലാത്തതാണു കാരണം. കാണുന്നിടത്തെല്ലാം നിർത്തി ചോദിച്ചു ചോദിച്ചു പോകാമെന്നുവച്ചാൽ പലരും പറഞ്ഞുതരുന്നതു പല വഴിയാകും. ഓട്ടോറിക്ഷയിൽ കയറിയാൽ കൃത്യസ്ഥലത്തെത്തിച്ച് അവർ രക്ഷപ്പെടുത്തുമെങ്കിലും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ വലയുക തന്നെ ചെയ്യും.
ചിലയിടത്തൊക്കെ ബോർഡുകൾ ഉണ്ടെങ്കിലും ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. അക്ഷരങ്ങൾ മാഞ്ഞുപോയത്, ഒരു ദിശയിലേക്കു മാത്രം ദിശ രേഖപ്പെടുത്തിയത്, ഫ‌്ലെക്സുകളും മരച്ചില്ലകളും കാരണം കാഴ്ചയിൽ നിന്നു മറഞ്ഞിരിക്കുന്നത് തുടങ്ങിയ പല അവസ്ഥകളിലുള്ള ബോർഡുകളുമുണ്ട്.
ബോർഡ് കാണാൻ ടച്ചിങ്സ് വെട്ടണം
ജൂബിലി മിഷൻ ജംക്‌ഷനിൽ നിന്ന് എറണാകുളത്തേക്കും പാലക്കാട്ടേക്കും ചെമ്പൂക്കാവ് ഭാഗത്തേക്കും പോകാം. ഇക്കണ്ട വാരിയർ റോഡിൽ നിന്നു ജൂബിലി മിഷൻ ജംക്‌ഷനിലേക്കു കയറുമ്പോൾ വഴിയോരത്ത് ഒരു സൂചനാ ബോർഡുണ്ട്. പക്ഷേ, എഴുതിയതു മനസ്സിലാക്കണമെങ്കിൽ വാഹനം നിർത്തി സൂക്ഷിച്ചു നോക്കണം. ചെമ്പൂക്കാവ് ഭാഗത്തേക്കു തിരിഞ്ഞാൽ ഒരു ബോർഡു കൂടി കാണാം. സ്വരാജ് റോഡിലേക്കു പോകേണ്ട വഴിയേതെന്നു ബോർഡ് പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇലകൾ വന്നു മൂടി സ്വരാജ് റൗണ്ടിലെ ‘റൗണ്ട്’ മാത്രം കാണാം. വാഹനത്തിൽ നിന്നിറങ്ങി ഇലകൾ മാറ്റി വഴി കണ്ടു പിടിക്കാൻ മെനക്കെടണമെന്നു ചുരുക്കം.
ചെയ്യേണ്ടതെന്ത് ?
കാലപ്പഴക്കം ചെന്ന ബോർഡുകൾ മാറ്റി സ്ഥാപിക്കണം. കാണുന്നിടത്തു കൃത്യമായി സ്ഥാപിക്കണം. മരങ്ങൾക്കിടയിൽ വളർന്ന ബോർഡുകളും ഇലകൾ പടർന്ന ബോർഡുകളും മാറ്റണം. ചെറിയ ബോർഡുകൾ ഒഴിവാക്കി വലിയ ബോർഡുകൾ സ്ഥാപിക്കണം.
പല സ്ഥലങ്ങൾക്കും തിരിച്ചറിയാൻ സ്ഥലപ്പേരു പതിപ്പിച്ച ബോർഡുകൾ ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. നവീകരിച്ച റോഡുകളിലും വഴികളിലും സ്ഥലത്തേക്കുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന് ഉൾഭാഗത്തെ പല വഴികളും എവിടേക്കുള്ളതാണെന്ന് ബോർഡ് സ്ഥാപിച്ചിട്ടില്ല.
പൂങ്കുന്നം റോഡിൽ വൈദ്യുതി ഭവനിലേക്ക് ഒരു റോഡ് തിരിയുന്നുണ്ട്. വൈദ്യുതി ഭവനിലേക്ക് എന്ന് സൂചിപ്പിച്ചിട്ടില്ലെന്നു മാത്രം. കത്തീഡ്രൽ റോഡിലൂടെ പോകുമ്പോൾ കിഴക്കുംപാട്ടുകര, ചേലക്കോട്ടുകര, വളർക്കാവ് തുടങ്ങിയ ചെറിയ പ്രദേശങ്ങളെയൊന്നും തിരിച്ചറിയാൻ മാർഗമില്ല.