അഴീക്കോട് – മുനമ്പം ബോട്ട് സർവീസ് ഇന്ന് പുനരാരംഭിക്കും
Mail This Article
അഴീക്കോട് ∙ അഴീക്കോട് – മുനമ്പം ഫെറിയിൽ ബോട്ട് സർവീസ് ഇന്നു പുനരാരംഭിക്കും. ബോട്ട് അടുപ്പിക്കുന്ന താൽക്കാലിക ജെട്ടിക്കു സമീപം അടിഞ്ഞു കൂടിയ മണൽ മണ്ണുമാന്തി ഉപയോഗിച്ചു നീക്കം ചെയ്തു. രാവിലെ 5.30ന് അഴീക്കോട് നിന്ന് ബോട്ട് സർവീസ് തുടങ്ങും. രാത്രി 7.30ന് മുനമ്പത്ത് നിന്നു അഴീക്കോട്ടേക്കാണ് അവസാന സർവീസ്. 115 ദിവസത്തിനു ശേഷം പുനരാരംഭിച്ച ബോട്ട് സർവീസ് രണ്ട് ദിവസത്തെ സർവീസിനു ശേഷം മുടങ്ങിയിരുന്നു.
മുനമ്പത്ത് താൽക്കാലിക ജെട്ടി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു മണലും ചെളിയും അടിഞ്ഞു കൂടിയതിനാൽ വേലിയിറക്ക വേളയിൽ ബോട്ട്് അടുപ്പിക്കാൻ ആകുന്നില്ല. ബോട്ടിൽ നിന്നു കരയിലേക്ക് കയർ വലിച്ചു കെട്ടി സാഹസികമായാണു യാത്രക്കാർ ബോട്ടിൽ നിന്നു ഇറങ്ങിയത്. യാത്രയ്ക്കെത്തിയ ആളുകൾ ദുരിതത്തിലായതോടെ ബോട്ട് സർവീസ് നിർത്തി വയ്ക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് അഴീക്കോട് – മുനമ്പം ബോട്ട് സർവീസ്.
അഴീക്കോട് – മുനമ്പം പാലം നിർമാണത്തിനായി പുഴയിൽ പൈലിങ് തുടങ്ങിയതോടെ ആണ് ഇവിടെ സർവീസ് നടത്തിയ ജങ്കാർ നിർത്തിയത്. പിന്നീട് ബോട്ട് സർവീസ് ഏർപ്പെടുത്തിയെങ്കിലും മുനമ്പത്തെ ബോട്ട് ജെട്ടി പാലം നിർമാണത്തിനു പൊളിക്കേണ്ടി വന്നതിനാൽ ബോട്ട് സർവീസ് നിർത്തുകയായിരുന്നു. ഒട്ടേറെ സമരങ്ങളെ തുടർന്നാണു ബോട്ട് സർവീസ് പുനരാരംഭിച്ചത്.