ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 11 പേർ അറസ്റ്റിൽ
Mail This Article
അന്തിക്കാട്∙ വീടുകളിലും പാർട്ടി ഓഫിസുകളിലും അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 11 പേരെ അറസ്റ്റ് ചെയ്തു. സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫിസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട്, പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഫിസ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റിന്റെ വീട് എന്നിവിടങ്ങളിലാണ് സംഘം അതിക്രമിച്ചു കയരി ഭീഷണി മുഴക്കിയത്.
ക്രിമിനൽ കേസുകളിൽ പ്രതികളായ പഴുവിൽ സ്വദേശി ചെമ്മാനി രഞ്ജിത്ത് (ഉണ്ണിമോൻ–32), കോളുപുരയ്ക്കൽ ദിനേശ് (43), വലിയപറമ്പിൽ അമൽരാജ് (22), പൊറ്റേക്കാട്ട് മണികണ്ഠൻ (52), എടത്തിരുത്തി സ്വദേശി തൊണ്ടപ്രശ്ശേരി രോഹൻ (38) പുള്ള് സ്വദേശി ചെറുവള്ളിക്കാട്ടിൽ ശരത്ചന്ദ്രൻ (36), താന്ന്യം സ്വദേശികളായ എങ്ങാണ്ടി അനന്തകൃഷ്ണൻ (പെടലി അനന്തു– 22), ചിറയത്ത് ശ്രീക്കുട്ടൻ (21), കാട്ടൂർ സ്വദേശി തോട്ടപ്പിള്ളി അജീഷ് (32), കയ്പമംഗലം സ്വദേശികളായ പൂത്തൂർ സൂരജ്, പഴുപ്പറമ്പിൽ അർജുൻ തമ്പി (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പഴുവിൽ ഷഷ്ഠിയുടെ തലേദിവസം ക്ഷേത്രം ഓഫിസിൽക്കയറി അസഭ്യം പറയുകയും ഭാരവാഹികളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പഴുവിൽ വെസ്റ്റ് പനമുക്കിൽ പ്രശാന്തിനെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തിരുന്നു. പ്രശ്നത്തിൽ സർവകക്ഷിയോഗം പ്രതിഷേധിക്കുകയും ക്ഷേത്രക്കമ്മിറ്റി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെ, പ്രശാന്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംസ്കാരം നടന്ന 15നു പ്രതികൾ ക്ഷേത്രം ഭാരവാഹികളായ ഏ.ബി.ജയപ്രകാശ്. പി.എ.ദേവിദാസ് എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തി. ഇതിനെതിരെ 17നു സിപിഐ പ്രതിഷേധയോഗം നടത്തി. ഇതിൽ പ്രകോപിതരായ പ്രതികൾ അടുത്ത ദിവസവും വധഭീഷണി മുഴക്കി എന്നാണ് കേസ്.