സിസിടിവിയിൽ കണ്ടത് കുറുനരിയെന്ന് വനം വകുപ്പ്; ഭയം വേണ്ട, ജാഗ്രത മതി
Mail This Article
മുല്ലശേരി ∙ പറമ്പൻതളി ക്ഷേത്രപരിസരത്ത് കഴിഞ്ഞ ദിവസം നായ്ക്കളെ ആക്രമിച്ചതു കുറുനരിയാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. 2 ദിവസം മുൻപ് പുലർച്ചെ തൊഴാനെത്തിയ നടുവിൽപുരയ്ക്കൽ പ്രകാശൻ കഴുതപ്പുലിയെ പോലൊരു മൃഗത്തെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറ പരിശോധനയിൽ വന്യജീവിയുടെ അവ്യക്തമായ ദൃശ്യം പതിഞ്ഞിരുന്നു. ഇതേ ദിവസം തന്നെ സമീപ പ്രദേശമായ പൂവത്തൂർ മുള്ളന്തറ ഭാഗത്ത് പകൽ 4 പേർക്ക് കുറുനരിയുടെ കടിയേൽക്കുകയും ചീരോത്ത് നിത്യാന്ദന്റെ 2 പശുക്കളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഒരു മാസം മുൻപും പറമ്പൻതളിയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. ജനങ്ങളുടെ ഭീതിയകറ്റാൻ വനം വകുപ്പ് പട്ടിക്കാട് ഡിവിഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പ്രദേശത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വാർഡ് അംഗം ശ്രീദേവി ഡേവിസ്, ക്ഷേത്രം മാനേജർ എം.വി.രത്നാകരൻ എന്നിവരുമായി ചർച്ച നടത്തി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് കണ്ടത് കുറുനരിയാണെന്ന നിഗമനത്തിലെത്തിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാടുപിടിച്ച പറമ്പുകൾ വെട്ടിത്തെളിക്കാൻ ഉടമകൾ തയാറാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നവർ കയ്യിൽ വെളിച്ചം കരുതണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.