ഡോക്ർമാരില്ല; 41 ലക്ഷം വിനിയോഗിച്ച് നിർമിച്ച ആശുപത്രി ക്വാർട്ടേഴ്സ് അനാഥം
Mail This Article
മാള ∙ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ ആശുപത്രി വളപ്പിൽ നിർമിച്ച ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് അനാഥമായി. ഡോക്ടർമാരുടെ ഒഴിവ് നികത്താത്തതിനാൽ ചുരുക്കം ചില ഡോക്ടർമാർ മാത്രമേ ഇപ്പോൾ ആശുപത്രിയിലുള്ളൂ.ഇവരിലാർക്കും ക്വാർട്ടേഴ്സിൽ താമസിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാൽ മാസങ്ങളായി ക്വാർട്ടേഴ്സ് അടഞ്ഞുകിടക്കുകയാണ്. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 41 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്വാർട്ടേഴ്സ് നിർമിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് തൊട്ടുമുൻപാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. ആശുപത്രിയിൽ മുഴുവൻസമയ ചികിത്സ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ക്വാർട്ടേഴ്സ് നിർമിച്ചത്.
ക്വാർട്ടേഴ്സിൽ തങ്ങുന്ന ഡോക്ടറുടെ സേവനം വൈകിട്ടും രാത്രിയിലും ചികിത്സ തേടിയെത്തുന്നവർക്ക് ഇതുവഴി ലഭ്യമാകും. നിലവിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹികാരോഗ്യ കേന്ദ്രമാണ് ആശുപത്രിയായി അറിയപ്പെടുന്നത്. രാവിലെ 9 മുതൽ 2 വരെയുള്ള ഒപി സമയത്ത് ഒരു ഡോക്ടർ 200 മുതൽ 250 രോഗികളെ വരെ ചികിത്സിക്കേണ്ടി വരുന്നു. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. ക്വാർട്ടേഴ്സ് കെട്ടിടം ആശുപത്രിയുടെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഇടയ്ക്ക് ആലോചന ഉണ്ടായെങ്കിലും തീരുമാനമുണ്ടായില്ല.
ഡോക്ടമാരില്ലാതെ
അന്നമനട, കുഴൂർ, മാള, പൊയ്യ, പുത്തൻചിറ, വെള്ളാങ്ങല്ലൂർ മേഖലകളിൽ നിന്നായി പ്രതിദിനം അറുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ സൂപ്രണ്ടും രണ്ട് അസിസ്റ്റന്റ് സർജൻമാരും എൻഎച്ച്എം നൽകിയ താൽക്കാലിക ഡോക്ടറും ഒരു ദന്തഡോക്ടറും മാത്രമേയുള്ളൂ. പോസ്റ്റ് മോർട്ടം അടക്കമുള്ള ജോലികളുണ്ടെങ്കിൽ അന്ന് സൂപ്രണ്ടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കുത്തിവയ്പു ദിനങ്ങളിൽ മറ്റു ഡോക്ടർമാരും ഇവിടെ സേവനത്തിനുണ്ടാകില്ല. ഒപ്പം വിഐപി സുരക്ഷയ്ക്കായി ഡോക്ടറും നഴ്സും അസിസ്റ്റന്റും ആംബുലൻസും ഇവിടെ നിന്ന് പോയാൽ ആ ദിവസം രോഗികൾ ചികിത്സയ്ക്കായി ഏറെ നേരം കാത്തുനിൽക്കണം