തൃപ്രയാർ ഏകാദശി: ചമയനിർമാണം പൂർത്തിയായി
Mail This Article
തൃശൂർ ∙ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങൾക്കും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനുമുള്ള ആനച്ചമയങ്ങളുടെ നിർമാണം പൂർത്തിയായി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലൈഫ് സ്റ്റോക്ക് വിഭാഗമാണു ചമയങ്ങൾ നിർമിക്കുന്നത്. കുട, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കച്ചക്കയർ, കൈമണി, കഴുത്തു മണി, പള്ളമണി തുടങ്ങിയ അലങ്കാരങ്ങളാണു തയാറാക്കുന്നത്.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ കൊക്കർണിക്കു സമീപമുള്ള ലൈഫ് സ്റ്റോക്ക് ഓഫിസിലായിരുന്നു ഇവയുടെ നിർമാണം. 10 കലാകാരൻമാർ രണ്ടു മാസം കൊണ്ടാണു ചമയനിർമാണം പൂർത്തിയാക്കിയത്. ഏകദേശം 30 ലക്ഷം രൂപയാണു ചെലവ്. ഏകാദശി ചടങ്ങുകളിൽ അണിനിരക്കുന്ന 15 ആനകൾക്കുള്ള ചമയങ്ങൾ ഇന്നു തൃപ്രയാറിലേക്ക് അയയ്ക്കും. നാളെയാണ്ഏകാദശി. അടുത്ത ദിവസം തൃപ്പൂണിത്തുറയിലെ ഉത്സവത്തിലെ 15 ആനകൾക്കുള്ള ചമയങ്ങളും നൽകും. 7 ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവം 29 നാണ് ആരംഭിക്കുക. കൊച്ചിൻ ദേവസ്വത്തിനു കീഴിൽ വരുന്ന 407 ക്ഷേത്രങ്ങളിലേക്കുള്ള ചമയങ്ങൾ എത്തിക്കുന്നതു തൃശൂരിൽ നിന്നാണ്.
എല്ലാ വർഷവും തൃപ്രയാറിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ചമയങ്ങൾ ഒരുക്കിയാണു തുടക്കം. ഇതോടൊപ്പം കൊച്ചിൻ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ മറ്റ് ഉത്സവങ്ങൾക്കും ചമയങ്ങൾ കൈമാറാറുണ്ട്. തൃശൂർ പൂരത്തിന്റെ പങ്കാളികളായ ഘടക ക്ഷേത്രങ്ങൾക്കുള്ള ചമയങ്ങളും ഒരുക്കുന്നത് ഇവിടെയാണ്. ചമയങ്ങൾ ഒരുക്കിയ കലാകാരൻമാരെ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.എം.കെ. സുദർശനന്റെ നേതൃത്വത്തിൽ ഇന്ന് ആദരിക്കും.