ADVERTISEMENT

വയനാട്ടിൽ ഒരു നിശ്ശബ്ദ വിപ്ലവം നടക്കുകയാണ്. ചികിത്സാ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിക്കാനുള്ള നടപടി വലിയ മാറ്റങ്ങൾക്കു തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായി പൊഴുതന പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായിരിക്കുകയാണ്.

Wayanad News
പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി ബ്ലോക്ക്.

ഇടുങ്ങി ഇരുട്ടു നിറഞ്ഞ മുറികളുടെയും പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെയും സ്ഥാനത്ത് ഇപ്പോഴുള്ളതു വെള്ളി വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന മനോഹരമായ കെട്ടിടം.  പുൽത്തകിടിയും പൂന്തോട്ടവുമൊക്കെയായി നാട്ടുകാരുടെ സ്വന്തം ആശുപത്രി വൻകിട സ്വകാര്യ ആശുപത്രിയെ വെല്ലുന്ന തലയെടുപ്പോടെയാണു നിൽപ്. ലോകബാങ്ക് സഹായത്തോടെ 125 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ആശുപത്രി കെട്ടിടം ഒരുക്കിയത്.

Wayanad News
ലാബ്.

പ്രതീക്ഷകൾ തെറ്റിച്ചെത്തിയ പ്രളയം കെട്ടിടത്തിനു സാരമായ കേടുപാടുകൾ വരുത്തി. തുടർന്ന് ആർദ്രം പദ്ധതിയിലൂടെ ലഭിച്ച 70 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി ഇപ്പോൾ കാണുന്ന രൂപത്തിലാക്കിയത്. രോഗികൾക്കു ഡോക്ടറെ കാണാൻ മികച്ച കാത്തിരിപ്പു കേന്ദ്രം, നൂതന രീതിയിലുള്ള പരിശോധന മുറികൾ, ആധുനിക ലാബ് എന്നിവയടക്കം ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.

Wayanad News
പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പു കേന്ദ്രം.

ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സേവനത്തിന് ലഭിച്ചതോടെ തോട്ടം മേഖലയായ പൊഴുതനയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ ആശ്വാസമാവുകയാണ് ഈ ആതുരാലയം.  മുൻപ് എസ്റ്റേറ്റിലെ പണി കഴിഞ്ഞ് എത്തുമ്പോഴേക്കും ആശുപത്രിയിലെ പ്രവർത്തന സമയം അവസാനിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തുകാർക്ക് വൻ തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ വൈകിട്ട് 6 വരെ ഡോക്ടർമാർ അടക്കമുള്ളവരുടെ സേവനം ലഭിക്കുന്നത് ഏറെ ആശ്വാസമാവുകയാണ്.

ഒട്ടുമിക്ക സൗകര്യങ്ങളും മികച്ച സേവനവും ഈ ആതുരാലയത്തിൽ നിന്ന് ലഭിച്ചു തുടങ്ങിയതോടെ ഇത് നാട്ടുകാരുടെ ആശ്രയകേന്ദ്രമായി മാറുകയാണ്. ആശുപത്രിയിൽ സമീപഭാവിയിൽത്തന്നെ കൂടുതൽ ആധുനിക ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം കൂടുതൽ ശുചിമുറികളടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com