ADVERTISEMENT

മേപ്പാടി ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി ആശങ്ക കൂടാതെ സാംപിളെടുക്കാം. കോവിഡ് സംശയിക്കുന്നവരുടെ സ്രവ സാംപിളുകൾ ശേഖരിക്കുന്ന, വയനാട്ടിലെ ആദ്യത്തെ വാക്ക് ഇൻ സാംപിൾ കലക്‌ഷൻ കിയോസ്‌ക് (വിസ്‌ക്) ആശുപത്രിയിൽ പ്രവർത്തന സജ്ജമായി.

കോവിഡ് ബാധിതനാണോയെന്നു സ്ഥിരീകരിക്കുന്നതിനായി ഓരോതവണ സാംപിൾ എടുക്കുമ്പോഴും ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് മാറ്റേണ്ടിവരും. ഉയർന്ന വിലയുള്ള കിറ്റിനു ക്ഷാമം അനുഭവപ്പെടുന്ന സമയത്ത് ഇതിന് പരിഹാരമായിട്ടാണ് കോവിഡ് വിസ്‌കുകൾ ഉപയോഗിക്കുന്നത്. രോഗിയുമായി ഒരുതരത്തിലും സമ്പർക്കം വരാതെ സ്രവം ശേഖരിക്കാൻ സാധിക്കുന്ന തരത്തിലാണ് സജ്ജീകരണം.

ടെക്‌നീഷ്യൻ സാധാരണ വേഷത്തിൽ കയ്യുറ മാത്രം ധരിച്ച് കിയോസ്‌കിനകത്ത് പ്രവേശിക്കുകയും കിയോസ്‌കിൽ ഘടിപ്പിച്ചിടുളള പോളിത്തീൻ കയ്യുറകളിലൂടെ കൈകടത്തി രോഗിയിൽ നിന്നു  സ്രവം ശേഖരിക്കുകയുമാണ് ചെയ്യുന്നത്. ഓരോ തവണ സ്രവമെടുക്കുമ്പോഴും ആരോഗ്യപ്രവർത്തകർ കൈയുറ മാത്രം  മാറ്റിയാൽ മതിയാകും. പുറത്തുള്ളയാളുമായി സംസാരിക്കുന്നതിന് വേണ്ടി സൗണ്ട് സിസ്റ്റവും ഉണ്ട്.

മെഡിക്കൽ ഓഫിസർ ഡോ. ടി.പി. ഷാഹിദിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ ആദ്യത്തെ കോവിഡ് കിയോസ്‌ക് തയാറാക്കിയത്. ഐഡിഎസ്പി ഫണ്ടിൽ നിന്ന് ഇരുപതിനായിരത്തോളം രൂപ ചെലവിട്ടാണ് കിയോസ്‌ക് നിർമിച്ചത്. ഡോ.ടി.വി. മുഹമ്മദ്, ഹെഡ് നഴ്‌സ് ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ ബാഹുരാജ്, ജെഎച്ച്ഐ അരുൺ, സ്റ്റാഫ് നഴ്‌സ് ശ്രീദേവി എന്നിവർ കിയോസ്‌ക് നിർമാണത്തിൽ സജീവമായിരുന്നു.

ഇതുവരെ ഇരുനൂറിലധികം സാംപിളുകൾ കിയോസ്‌ക് വഴി ശേഖരിച്ചതായി മെഡിക്കൽ ഓഫിസർ പറഞ്ഞു. മാനന്തവാടി എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ  മൊബൈൽ ടെസ്റ്റിങ് കിയോസ്‌ക് സജ്ജീകരിക്കുന്ന പ്രവർത്തനവും നടന്നു വരുന്നുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ ഇത്  ജില്ലാ ഭരണകൂടത്തിന് കൈമാറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com