കോവിഡില്ലാ രേഖ: കർണാടകയിൽ നിന്നുളള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു, ഇളവു നൽകി കർണാടക
Mail This Article
മാനന്തവാടി ∙ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇന്നലെയും കർണാടക അധികൃതർ അതിർത്തികളിൽ തടഞ്ഞു. ഇന്നലെ രാവിലെ മുതൽ കുട്ട, ബാവലി ചെക്‌പോസ്റ്റുകളിലാണു വാഹനങ്ങൾ തടഞ്ഞത്. യാത്രക്കാരെ വലയ്ക്കുന്ന നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയർന്നു. ഇതോടെ ഇരു ചെക്‌പോസ്റ്റിലും വാഹനങ്ങളുടെ നീണ്ട നിരയായി. ഇതോടെ കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
ചർച്ചയെ തുടർന്നു കോവിഡില്ലെന്ന പരിശോധനാഫലം നിർബന്ധമാക്കിയ നടപടിയിൽ ഇന്നലെയും കർണാടക അധികൃതർ ഇളവു നൽകി. പിന്നീട് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ എത്തിയ യാത്രക്കാരെയും അതിർത്തി കടത്തിവിട്ടു. ഇതിനു ശേഷവും കുട്ട ചെക്‌പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. ഉച്ചയോടെ ഇവിടെയും വാഹനങ്ങൾ കടത്തിവിട്ടു. 16ന് ഇത് സംബന്ധിച്ച് കർണാട സർക്കാർ ഉത്തരവിറങ്ങിയിരുന്നു. എങ്കിലും ആദ്യ ദിവസങ്ങളിൽ പരിശോധന കർശനമായിരുന്നില്ല. ശനിയാഴ്ച മുതൽ ബാവലി, കുട്ട അതിർത്തിയിൽ കോവിഡില്ലെന്നുള്ള സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ വാഹനങ്ങളിലെത്തുന്നവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്ന നിലപാടിലായിരുന്നു കർണാടക അധികൃതർ.
72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തിയ ശേഷമുള്ള നെഗറ്റീവ് ഫലമാണ് ചെക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. ആർടിപിസിആർ പരിശോധനാ ഫലം വേഗം കിട്ടാത്തതും യാത്രക്കാരെ വലയ്ക്കുന്നു. പലയിടത്തും 2 ദിവസങ്ങൾക്കു ശേഷമാണു പരിശോധനാ ഫലം ലഭിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കും മറ്റുമായി നിത്യേന കർണാടകയിൽ പോയി വരുന്നവർക്ക് നിയന്ത്രണം കനത്ത തിരിച്ചടിയാണ്. കോവിഡ് നിയന്ത്രണം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.