ADVERTISEMENT

മാനന്തവാടി ∙ യുഡിഎഫ് വൻ മുന്നേറ്റം ഉറപ്പിച്ച പഞ്ചായത്തുകളിലുണ്ടായ അപ്രതീക്ഷിത ഇടതു മുന്നേറ്റം എൽഡിഎഫിനെപ്പോലും ഞെട്ടിച്ചു. ഏതു സമയത്തും യുഡിഎഫിനെ തുണയ്ക്കുമെന്നു കരുതിയ തവിഞ്ഞാൽ, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലാണ് കാറ്റ് ഇടതേക്കു തിരിഞ്ഞത്. മൂന്നിടത്തും യുഡിഎഫ് ഭൂരിപക്ഷം അഞ്ഞൂറിൽ താഴെയായി. അതേസമയം, ഇടതു കോട്ടയായ തിരുനെല്ലിയിൽ പ്രതീക്ഷിച്ചതിലേറെ ഭൂരിപക്ഷം അവർക്കു ലഭിക്കുകയും ചെയ്തു.

കോൺഗ്രസിനു തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമുള്ള, പി.കെ.ജയലക്ഷ്മിയുടെ സ്വന്തം പഞ്ചായത്തായ തവിഞ്ഞാലിൽ 3000 വരെ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചു. ലഭിച്ചത് 319 വോട്ട് ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച 10711 വോട്ടുകൾ നിയമസഭയിൽ 10104 ആയി കുറഞ്ഞു. അന്ന് ലഭിച്ച 9657 വോട്ട് എൽഡിഎഫ് 10423ലേക്ക് ഉയർത്തുകയും ചെയ്തു. രാഹുൽ ഗാന്ധി വരെ പ്രചാരണത്തിനെത്തിയ വെള്ളമുണ്ട പഞ്ചായത്തിൽ മുന്നണിക്കു ലഭിച്ചത് 297 വോട്ടിന്റെ ലീഡാണ്. 2500ൽ കുറയാത്ത ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് ആകെ ലഭിച്ചത് 10345 വോട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച 9430 വോട്ടുകൾ 9956 ആയി ഉയർത്താൻ എൽഡിഎഫിന് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയ പഞ്ചായത്താണ് വെള്ളമുണ്ട. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയ പനമരത്തും 2500 വോട്ടായിരുന്നു യുഡിഎഫ് പ്രതീക്ഷ. ലഭിച്ചത് 479 വോട്ടിന്റെ ലീഡ്.

പേരിനു പോലും പ്രതിപക്ഷമില്ലാത്ത തിരുനെല്ലി പഞ്ചായത്ത് തങ്ങളുടെ പഴയ പ്രസിഡന്റായ ഒ.ആർ.കേളുവിന് നൽകിയത് 5275 വോട്ടുകളുടെ കൂറ്റൻ ലീഡ്. ഇവിടെ പാർട്ടി പ്രതീക്ഷിച്ചതിലും കൂടുതൽ. യുഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയിലും ഇതേ സ്ഥിതി ആവർത്തിച്ചു. എൽഡിഎഫ് കണക്കാക്കിയ 1500ന് പകരം കിട്ടിയത് 3199 വോട്ടുകളുടെ വ്യക്തമായ ലീഡ്. 3 തവണയായി യുഡിഎഫ് ഭരിക്കുന്ന എടവകയിലും ഇക്കുറി എൽഡിഎഫ് വൻ മുന്നേറ്റം നടത്തി. എൽഡിഎഫ് 1000 വോട്ടുകൾക്ക് പിന്നിലാകുമെന്ന കരുതിയ ഇവിടെ ലഭിച്ചത് 1217 വോട്ടുകളുടെ ഭൂരിപക്ഷം.

യുഡിഎഫ് 500 വോട്ട് ലീഡ് പ്രതീക്ഷിച്ച തൊണ്ടർനാടും എൽഡിഎഫ് 573 വോട്ടിന്റെ ഭൂരിപക്ഷം നേടി. യുഡിഎഫ് കോട്ടകൾ തകർന്നടിഞ്ഞപ്പോൾ എൽഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പ്രതീക്ഷിച്ചതിലുമേറെ വോട്ടുകൾ നേടാനായതാണ് കഴിഞ്ഞ തവണ ലഭിച്ചതിന്റെ 7 ഇരട്ടിയിലേറെ ഭൂരിപക്ഷത്തിലേക്ക് ഒ.ആർ.കേളുവിനെ നയിച്ചത്. 6 പഞ്ചായത്തുകളിലും നഗരസഭയിലും എൻഡിഎയുടെ വോട്ടുകൾ ഇക്കുറി ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16,830 വോട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 18,960 വോട്ടും നേടിയ എൻഡിഎ ഇക്കുറി 20000ത്തിൽ ഏറെ വോട്ടുകൾ നേടുമെന്ന് അവകാശപ്പെട്ടിരുന്നു. ലഭിച്ചത് 13,142.

ബത്തേരി;  ഒരിടത്തും പിന്നിലാകാതെ യുഡിഎഫ്

ബത്തേരി ∙ നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാർഥി ഐ.സി.ബാലകൃഷ്ണന് ലീഡ്. കൂടുതൽ ലീഡ് പൂതാടി പഞ്ചായത്തിലും(2720 വോട്ട്) കുറവ് മീനങ്ങാടിയിലുമാണ്(266). യുഡിഎഫ് കൂടുതൽ ലീഡ് നേടുമെന്ന് കരുതിയിരുന്ന മുള്ളൻകൊല്ലിയിൽ 2676  വോട്ടിന്റെ മുൻതൂക്കം ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 1456 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലായിരത്തിലധികം വോട്ടിന്റെ ലീ‍ഡ് ഐ.സി.ബാലകൃഷ്ണനുണ്ടായിരുന്നു. പുൽപള്ളി ഒപ്പത്തിനൊപ്പം നിൽക്കുമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ പാളി. 1624 വോട്ടിന്റെ ലീഡ് ഐസിക്ക് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ 61 വോട്ടു മാത്രമായിരുന്നു ഇവിടെ യുഡിഎഫ് ലീഡ്.

ഞെട്ടിച്ചത് പൂതാടിയും മീനങ്ങാടിയുമാണ്. പൂതാടിയിൽ മാത്രം എൻഡിഎക്ക് തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4161 വോട്ടിന്റെ കുറവുണ്ടായി. മീനങ്ങാടി പഞ്ചായത്തിൽ 3000 വോട്ടിന് മുകളിൽ ലീഡ് നേടുമെന്ന് അവകാശപ്പെട്ട എൽഡിഎഫ് 266 വോട്ടിന് പിന്നിലായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 194 വോട്ട് ലീഡായിരുന്നു മീനങ്ങാടിയിൽ. കാലാകാലങ്ങളായി എൽഡിഎഫിന് മുൻതൂക്കമുണ്ടായിരുന്ന നൂൽപുഴ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതലാണ് മാറിത്തുടങ്ങിയത്. അന്ന് പഞ്ചായത്തിൽ 582 വോട്ടിന്റെ ലീഡ് നേടിയ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡ് 845 ആക്കി ഉയർത്തി.

പഞ്ചായത്തു ഭരണം എൽഡിഎഫ് പിടിച്ചെടുത്ത അമ്പലവയലിൽ ഐ.സി.ബാലകൃഷ്ണന് 283 വോട്ടിന്റെ ലീഡ് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 129 വോട്ട് ലീഡ് എൽഡിഎഫിനായിരുന്നു. നെന്മേയിൽ ഐസിക്ക് രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് 1501 വോട്ടിന്റെ ലീഡ്. ഇവിടെ മുൻപിലെത്തുമെന്ന് എൽഡിഎഫും അവകാശപ്പെട്ടിരുന്നു. മുൻപ് യുഡിഎഫിന്റെ കോട്ടയെന്ന് അറിയപ്പെടുകയും ഇപ്പോൾ എൽഡിഎഫിനോട് ചായ്‌വ് കാണിക്കുകയും ചെയ്യുന്ന ബത്തേരി നഗരസഭയിൽ ലീഡ് നേടാനാകുമെന്ന എൽഡിഎഫ് പ്രതീക്ഷയും പാളി. ഐ.സി.ബാലകൃഷ്ണൻ 1591 വോട്ടിന്റെ മുൻതൂക്കം നേടി. പൂതാടി കഴിഞ്ഞാൽ പുൽപള്ളിയിലും മുള്ളൻകൊല്ലിയിലുമാണ് എൻഡിഎക്ക് വോട്ട് കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുൽപള്ളിയിൽ 3806 വോട്ടുണ്ടായിരുന്ന മുന്നണി ഇത്തവണ 1795 വോട്ടിലൊതുങ്ങി. മുള്ളൻകൊല്ലിയിൽ 2015ൽ നിന്ന് 948ലേക്ക് ഇടിഞ്ഞു.

കൽപറ്റ; കൂടുതൽ വോട്ടുകൾ പിടിച്ചെടുത്ത് യുഡിഎഫ്

കൽപറ്റ ∙ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും 955 വോട്ട് അധികം ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ 4515 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനു ലഭിച്ചിരുന്നു. നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇത് 5470 ആയി. കൂടുതൽ ഭൂരിപക്ഷം കണിയാമ്പറ്റ പഞ്ചായത്തിൽ – 2458 വോട്ട്. രണ്ടാമത് പടിഞ്ഞാറത്തറയിൽ – 1756.

നഗരസഭയിലും വൈത്തിരിയിലും എൽഡിഎഫിന് മേൽക്കൈ

കൽപറ്റ ∙ എൽഡിഎഫിനു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൽപറ്റ നഗരസഭയിലും ഭരണം ലഭിച്ച വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും യുഡിഎഫിനെക്കാൾ ഭൂരിപക്ഷം ലഭിച്ചുവെങ്കിൽ ഇത്തവണ കൽപറ്റ നഗരസഭയിലും വൈത്തിരി പഞ്ചായത്തിലും മാത്രമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ 787 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണ അത് 496 വോട്ടായി. വൈത്തിരിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 925 വോട്ട് അധികം ലഭിച്ചിടത്ത് ഇത്തവണ 656 വോട്ട് മാത്രമാണ് അധികം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com