ADVERTISEMENT

ബത്തേരി ∙ കേരളത്തിൽ വയനാട് മാത്രമാണു രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല. മൂന്നു സംസ്ഥാനങ്ങളും കൂടിച്ചേരുന്ന ഏക പോയിന്റും ഇവിടെത്തന്നെ. കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും വയനാട്ടിൽ നിന്ന് ഒട്ടേറെ റോഡുകളും അവിടെയെല്ലാം ചെക്പോസ്റ്റുകളുമുണ്ട്.

കൃഷി, ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ, ഉദ്യോഗം എന്നിവയ്ക്കെല്ലാമായി ഈ മൂന്നു പ്രദേശങ്ങളും പരസ്പരം ആശ്രയിക്കുന്നു. ഓരോ സംസ്ഥാനത്തെയും പല വിധത്തിലുള്ള കോവിഡ് നിയന്ത്രണങ്ങൾ അതിർത്തി മേഖലകളിൽ വലിയ തകർച്ചയും പ്രയാസങ്ങളുമാണുണ്ടാക്കിയത്. തമിഴ്നാടിന്റെ റോഡിലൂടെയുള്ള യാത്ര നിരോധിച്ചപ്പോൾ വഴിയടഞ്ഞതു കേരളഗ്രാമങ്ങളിലാണ്. 

ചെക്പോസ്റ്റുകൾ കർണാടക, തമിഴ്നാട് അതിർത്തികളിൽ

തമിഴ്നാട് അതിർത്തിയിലെ പാട്ടവയൽ, താളൂർ, നമ്പ്യാർകുന്ന്, കോട്ടൂർ, കർണാടക അതിർത്തിയിലെ മുത്തങ്ങ, ബാവലി, തോൽപെട്ടി, എന്നിവയാണ് ചെക്പോസ്റ്റുകളുള്ള അതിർത്തി റോഡുകൾ. കബനിയിലെ ഒട്ടേറെ കടവുകൾ വഴിയും ചേകാടി പാലം കടന്ന് ബാവലി ചെക്പോസ്റ്റ് വഴിയും കർണാടകയിലെത്താം. നീലഗിരിയിലേക്ക് കടക്കണമെങ്കിൽ ഇ- റജിസ്ട്രേഷന് പുറമേ കലക്ടറേറ്റിൽ നിന്നുള്ള ഇ പാസും വേണം. കർണാടകയിലേക്കും കേരളത്തിലേക്കും കടക്കണമെങ്കിൽ ആർടിപിസിആർ ടെസ്റ്റും നിർബന്ധം.

നമ്പ്യാർകുന്ന്– അയ്യംകൊല്ലി റോഡിൽ തമിഴ്നാട് യാത്ര നിരോധിച്ചതോടെ മാങ്ങാച്ചാൽ നിവാസികൾ സ്വന്തം കൃഷിയിടങ്ങളിലൂടെ വെട്ടിയുണ്ടാക്കിയ മൺപാത. മഴ പെയ്താൽ ഇതിലെ നടന്നു പോകാൻ പോലും കഴിയില്ല.
നമ്പ്യാർകുന്ന്– അയ്യംകൊല്ലി റോഡിൽ തമിഴ്നാട് യാത്ര നിരോധിച്ചതോടെ മാങ്ങാച്ചാൽ നിവാസികൾ സ്വന്തം കൃഷിയിടങ്ങളിലൂടെ വെട്ടിയുണ്ടാക്കിയ മൺപാത. മഴ പെയ്താൽ ഇതിലെ നടന്നു പോകാൻ പോലും കഴിയില്ല.

തമിഴ്നാട് റോഡ് അടച്ചു; ഒറ്റപ്പെട്ട് കേരള ഗ്രാമം

നമ്പ്യാർകുന്നിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് 60 കുടുംബങ്ങൾ താമസിക്കുന്ന മാങ്ങാച്ചാൽ ഗ്രാമം. നമ്പ്യാർകുന്നിൽ നിന്ന് അയ്യംകൊല്ലിയിലേക്കു പോകുന്ന റോഡാണ് ഗ്രാമവാസികൾക്ക് ഏക ആശ്രയം. ഈ റോഡ് തമിഴ്നാടിന്റേതാണ്. കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ ഗ്രാമവാസികളെ റോഡു വഴി നടക്കാനോ വാഹനത്തിൽ പോകാനോ തമിഴ്നാട് അനുവദിച്ചില്ല.

പാൽ അളക്കാൻ സൊസൈറ്റിയിൽ പോകുന്നതിനോ റേഷൻകടയിൽ പോകുന്നതിനോ പാചകവാതകമോ നിത്യോപയോഗ സാധനങ്ങളോ വാങ്ങാൻ ചെക്പോസ്റ്റ് കടന്ന് നമ്പ്യാര്‍കുന്നിലേക്ക് എത്താന്‍ കഴിയതായി. മറുവശത്തേക്ക് പോയാൽ അയ്യംകൊല്ലിയിലേക്കും സംസ്ഥാനം മാറിയതിനാല്‍ കയറാന്‍ പറ്റാത്ത അവസ്ഥയായി. ഒടുവില്‍ നിവൃത്തിയില്ലാതായ ഗ്രാമവാസികള്‍ സ്വന്തം കൃഷിയിടങ്ങളിലൂടെ ഒന്നര കിലോമീറ്റര്‍ മണ്‍പാത വെട്ടിയുണ്ടാക്കി. ഇപ്പോള്‍ മഴ തുടങ്ങിയതിനാല്‍ അതിലെ നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

തകരുന്നത് പുതിയ സംരഭങ്ങള്‍

മൂന്നു സംസ്ഥാനങ്ങളെയും ആശ്രയിച്ച് അതിര്‍ത്തി മേഖലകളില്‍ തുടങ്ങിയിരുന്ന പല സംരംഭങ്ങളും തകര്‍ച്ച നേരിടുകയാണ്. കേരളത്തിലെ ചുള്ളിയോട്ട് താമസിക്കുന്ന റോബിൻ ആടുപാറയിൽ 3 കിലോമീറ്റർ ഇപ്പുറത്ത് തമിഴ്നാട്ടിലെ എരുമാട് രണ്ടു വർഷം മുൻപാണ് കാലിത്തീറ്റയുടെ നിർമാണ യൂണിറ്റ് തുടങ്ങിയത്. കർണാടകയിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ എത്തിച്ചിരുന്നത്.

തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷീരസംഘങ്ങൾ വഴിയായിരുന്നു പ്രധാന വിൽപന. 7 ടൺ വരെ ഉൽപാദനമെത്തി. അപ്പോഴാണ് കോവിഡും നിയന്ത്രണങ്ങളും കരിനിഴല്‍ വീഴ്ത്തിയത്. അതിർത്തി കടന്ന് സ്ഥാപനത്തിൽ എത്താൻ പറ്റാതായി. അസംസ്കൃത വസ്തുക്കൾ കർണാടകയിൽ നിന്ന് എത്തിക്കാനും സാധിച്ചില്ല. വാടകയും വൈദ്യുതി ബില്ലും കുമിഞ്ഞു കൂടി. ഇപ്പോള്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്.

കടത്തു തോണികളില്ലാതെ കബനിക്കരകൾ

കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെ കബനി നദിയിലെ മൂന്ന് കടവുകൾ വഴി അക്കരെ കർണാടകയിലെ മച്ചൂർ മുതൽ ബൈരക്കുപ്പ വരെയുള്ള ഭാഗങ്ങളിലെത്താം. പെരിക്കല്ലൂർ, മരക്കടവ്, പമ്പ്ഹൗസ് എന്നിവിടങ്ങളാണ് ഈ കടവുകൾ. ഇവയെല്ലാം ഇപ്പോൾ പൂട്ടിയിരിക്കുന്നു. തോണികളിൽ ബൈക്കുകൾ മറുകര കടത്തി യാത്ര തുടരുന്നവരും ഉണ്ടായിരുന്നു. എച്ച്ഡി കോട്ടയിലും മറ്റും കൃഷി നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്.

മുത്തങ്ങയും ബാവലിയും തോൽപെട്ടിയും

കര്‍ണാടകയിലേക്കുള്ള പ്രധാന ചെക്പോസ്റ്റുകളാണ് ഇവ. ആർടിപിസിആർ ടെസ്റ്റ് ഫലം കൈവശമില്ലാതെ ഈ മൂന്നു ചെക്പോസ്റ്റുകൾ വഴിയും കേരളത്തിലേക്കോ കർണാടകയിലേക്കോ കടത്തില്ല. നൂറുകണക്കിനാളുകളുടെ കൃഷി, വിദ്യാഭ്യാസം ബിസിനസ് എന്നിവയെല്ലാം സുഗമമായ യാത്ര തടസ്സപ്പെട്ടതോടെ മുടങ്ങി. തോൽപെട്ടി, നൂൽപുഴ എന്നിവിടങ്ങളിൽ നിന്ന് കർണാടകയിലേക്ക് കൂലിപ്പണിക്ക് പോയിരുന്നവർക്കും ജീവിത മാര്‍ഗമടഞ്ഞു.

കച്ചവടക്കാരുടെയും ജോലിക്കാരുടെയും ദുർഗതി

അതിർത്തിക്കപ്പുറമുള്ള നീലഗിരിയിലെ ഗൂഡല്ലൂർ താലൂക്കിൽ ഇന്നും കൂടുതൽ പേരും കുടിയേറിപ്പാർത്ത മലയാളികളാണ്. വയനാട്ടിലും നീലഗിരിയിലും വീടും കച്ചവടവും മാറി മാറിയുള്ളവർ ഒട്ടേറെയാണ്. തമിഴ്നാട്ടിലെ എരുമാട് ടൗണിൽ കച്ചവടം നടത്തുന്നവരിൽ നല്ലൊരു ഭാഗം കേരളത്തിലെ ചുള്ളിയോട്, കോളിയാടി, താളൂർ പ്രദേശവാസികളാണ്.

ലോക്ഡൗൺ ഇവരുടെയെല്ലാം കച്ചവടത്തെ സാരമായി ബാധിച്ചു. യാത്രാ പാസുകൾ ലഭിക്കാത്തതാണ് പ്രധാന തടസ്സമായത്. കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരും ദുരിതത്തിലായി. ജോലിക്കു പോകേണ്ട പലരുമിപ്പോള്‍ കേരളത്തില്‍ വീടുകള്‍ വാടകയ്ക്കെടുത്തു താമസിക്കുകയാണ്.

മൊഞ്ചില്ലാതെ ഇഞ്ചിക്കൃഷി

ജില്ലയിൽ നിന്ന് പതിനയ്യായിരത്തിലധികം പേർ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇഞ്ചിക്കൃഷി നടത്തുന്നു. ഇപ്പോള്‍ വളപ്രയോഗത്തിന്റെ കാലമാണ്. വളം വിൽപന ശാലകൾ കരിഞ്ചന്തകളായി മാറിയെന്നു കർഷകർ പറയുന്നു. 1300 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ചാക്ക് വളത്തിന് 1900 രൂപയായി. പഴയ ഇഞ്ചി പറിച്ചു മാറ്റേണ്ട ഈ സമയത്ത് ലോക്ഡൗൺ നിമിത്തം പ്രധാന മാർക്കറ്റുകളായ മഹാരാഷ്ട്ര, തമിഴ്നാട്,

ആന്ധ്രാപ്രദേശ്, അഹമ്മദാബാദ്, ഒഡീഷ, ഉത്തർപ്രദേശ് എല്ലാം അടച്ചിട്ടിരിക്കുകയാണ്. ജൂൺ 30നുള്ളിൽ ഇഞ്ചി പറിച്ചു മാറ്റി സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടതാണ്. ഒരു ചാക്കിന് 1100 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ട് നേരിടുന്നു. ഇഞ്ചിക്കർഷകർക്ക് പാസ് നൽകുന്നുണ്ടെങ്കിലും 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം നിർബന്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com