ADVERTISEMENT

പൊഴുതന∙ കുറിച്യർമല സ്കൂൾ പുനർ നിർമാണത്തിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിനെ ചൊല്ലി വിവാദം . 2018ൽ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് സ്കൂൾ ഉപയോഗ ശൂന്യമായത്.തുടർന്ന് പ്രവർത്തനം മേൽമുറി മദ്രസയിലേക്കു മാറ്റി. ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സ്കൂൾ സ്ഥിതി ചെയ്ത സ്ഥലത്ത് കെട്ടിട നിർമാണമോ സ്കൂൾ പ്രവർത്തനമോ പാടില്ലെന്ന നിർദേശത്തെ തുടർന്നാണ് പുതിയ സ്ഥലം കണ്ടെത്തി സ്കൂൾ നിർമിക്കാൻ സർക്കാർ അനുമതി ആയത്.

അതിന്റെ ഭാഗമായി സ്ഥലം വാങ്ങുന്നതിന് 58 ലക്ഷവും കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയും അനുവദിച്ചു. ഇതിനു വേണ്ടി സേട്ടുക്കുന്നിൽ 79 സെന്റ് സ്ഥലം കണ്ടെത്തുകയും അത് വാങ്ങുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയുമാണ് വിവാദങ്ങൾ ഉയരുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ളവരുടെയും തൊഴിലാളികളുടെയും കുട്ടികൾ പഠിക്കുന്ന ഇവിടെ പുതിയ കെട്ടിടത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ.

സ്ഥലം ഏറ്റെടുക്കുന്നതിൽ ക്രമക്കേട് ആരോപിച്ച് പഞ്ചായത്തിലെ പ്രതിപക്ഷ സഖ്യ കക്ഷിയായ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തി.പഞ്ചായത്ത് ഭരണസമിതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി നടന്ന യോഗത്തിൽ ആരോപണം ഉന്നയിച്ച് മുസ്‌ലിം ലീഗിലെ 2 അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു. എന്നാൽ വിവാദങ്ങൾ ഒഴിവാക്കി സ്കൂൾ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സ്ഥലം വാങ്ങുന്നതിൽ അഴിമതി: മുസ്‌ലിം ലീഗ്

കുറിച്യർമല സ്കൂളിനു വേണ്ടിയുള്ള സ്ഥലം വാങ്ങുന്നതിൽ അഴിമതിയുണ്ടെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി. സ്കൂൾ നിർമിക്കുന്നതിന് 3 ഏക്കറിൽ കുറയാത്ത സ്ഥലം ലഭ്യമാക്കാൻ നോട്ടിഫിക്കേഷൻ നൽകുകയും റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി.

അതിന്റെ ഭാഗമായി വലിയപാറ മേൽമുറിയിൽ സെന്റിന് 35000 രൂപ വിലവരുന്ന 3 ഏക്കർ സ്ഥലം കണ്ടെത്തുകയും വിദ്യാഭ്യാസ വകുപ്പിന് രേഖകൾ കൈമാറുകയും ചെയ്തു.എന്നാൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദത്തിനു വഴങ്ങി പ്രസ്തുത സ്ഥലത്തിനു പകരമായി സെന്റിന് 74000 രൂപ വില വരുന്ന 79 സെന്റ് സ്ഥലം റജിസ്റ്റർ ചെയ്യാനുള്ള നടപടികൾ അഴിമതിയുടെ ഭാഗമാണ്. 3 വ്യത്യസ്ത പ്ലോട്ടുകളായുള്ള സ്ഥലത്തിന് ഒറ്റ വാല്വേഷൻ സമർ‍പ്പിച്ച തഹസിൽദാരുടെ നടപടിയും സംശയാസ്പദമാണ്. 

അഴിമതിക്ക് കൂട്ടു നിൽക്കുന്ന ഇംപ്ലിമെന്റ് ഓഫിസറുടെ ചുമതലയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി അംഗീകരിക്കാനാകില്ല. അഴിമതി തടയാൻ  കലക്ടർ ഇടപെടണം. നിലവിൽ കണ്ടെത്തിയ സ്ഥലത്ത് തന്നെ സ്കൂൾ സ്ഥാപിക്കണമെന്നും സുതാര്യമായ രീതിയിൽ സ്ഥലമെടുപ്പ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.

ആരോപണം ‌വാസ്തവ വിരുദ്ധം: ‌‌സിപിഎം

കുറിച്യർമല സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതി എന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ആരോപണം വാസ്തവ വിരുദ്ധവും വിദ്യാലയത്തെ മേൽമുറി പ്രദേശത്ത് നിന്നും ഇല്ലായ്മ ചെയ്യാനും ഉള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗവുമാണെന്ന് സിപിഎം അച്ചുരാനം ലോക്കൽ കമ്മിറ്റി .

2018ലെ പ്രളയത്തിൽ നഷ്ടമായ സ്കൂൾ പുനർ നിർമിക്കുന്നതിന് പിടിഎ, പഞ്ചായത്ത് ഭരണസമിതി, അന്നത്തെ എംഎൽഎ സി.കെ. ശശീന്ദ്രൻ എന്നിവരുടെ ശ്രമ ഫലമായാണ് 58 ലക്ഷം രൂപ അനുവദിച്ചു കിട്ടിയത്.സ്ഥലത്തിന്റെ വില നിശ്ചയിച്ചത് റവന്യു വകുപ്പാണ്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പഠനത്തിനു ശേഷമാണ് ഭൂമി ഏറ്റെടുക്കാൻ അനുവാദം ലഭിച്ചത്.

സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നേരത്തെ കണ്ടെത്തിയ 3 ഏക്കർ സ്ഥലം വാങ്ങാൻ തികയാത്തതിനാൽ അതിൽ നിന്ന് ഒരു ഏക്കർ ആവശ്യപ്പെട്ടെങ്കിലും അത് തരാൻ ഉടമ തയാറാകാത്തതിനാലാണ് പുതിയ സ്ഥലം കണ്ടെത്തിയത്. പ്രദേശത്തെ പിഞ്ചു കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന നടപടികളിൽ നിന്ന് ലീഗിലെ ഒരു വിഭാഗം നേതൃത്വം പിൻവാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ. ജെറീഷ് അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com