അധികൃതരേ.. കല്ലഞ്ചിറ തൂക്കുപാലം അപകടത്തിൽ; നിർമിച്ചത് 17 വർഷം മുൻപ്
Mail This Article
പനമരം∙ കണിയാമ്പറ്റ പഞ്ചായത്തിൽ കല്ലഞ്ചിറ കരണി പുഴയിലെ തൂക്കുപാലം അപകടാവസ്ഥയിൽ. 17 വർഷം മുൻപു പശ്ചിമഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച തൂക്കുപാലമാണ് തകർച്ചയിലായത്. തൂക്കുപാലത്തിന്റെ ഇരുവശങ്ങളിലെയും പടിക്കെട്ടുകൾ ഇടിഞ്ഞു തകർന്നതിനു പുറമേ അലുമിനിയം ഷീറ്റുകളും പലയിടങ്ങളിലും പൊട്ടി നശിച്ച അവസ്ഥയിലാണ്. ഇരുവശങ്ങളിലും സ്ഥാപിച്ച കമ്പിവേലികളിൽ പലതും കാണാൻ പോലുമില്ല.
പ്രദേശത്തെ സാമൂഹിക വിരുദ്ധ ശല്യമാണ് തൂക്കുപാലം ഇത്തരത്തിൽ തകരാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പാലത്തിന്റെ ഇരുവശങ്ങളും കമ്പളക്കാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിലാണ് ഇതുകൊണ്ടു തന്നെ ഈ ഭാഗത്തേക്ക് പൊലീസ് എത്താത്തതാണ് പ്രദേശത്ത് സമൂഹ വിരുദ്ധരുടെ ശല്യം വർധിക്കാൻ കാരണമെന്നും പറയുന്നു.കല്ലഞ്ചിറയിൽ നിന്ന് ചിറ്റൂർ ഭാഗത്തേക്കു പോകുന്നതിനു വിദ്യാർഥികളും തൊഴിലാളികളും അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന ഏക തൂക്കുപാലമാണിത്. 2005 ൽ നിർമാണം പൂർത്തിയാക്കിയ തൂക്കുപാലം 2 തവണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഇതിൽ ഒരു തവണയാണ് പാലത്തിലെ മരപ്പലകകൾ മാറ്റി അലുമിനിയം ഷീറ്റ് വിരിച്ചത്. ഈ ഷീറ്റ് പലയിടങ്ങളിലായി തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് അറിയാതെ ചവിട്ടിയാൽ കാൽ കുരുങ്ങി അപകടം ഉറപ്പാണെന്നു നാട്ടുകാർ പറയുന്നു. തകർന്ന ഷീറ്റുകളും കൈവരിയായി ഉപയോഗിക്കുന്ന കമ്പിവേലികളും പടിക്കെട്ടുകളും എത്രയും പെട്ടെന്ന് നന്നാക്കണമെന്നും പ്രദേശത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ പൊലീസ് നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.