ADVERTISEMENT

മാനന്തവാടി ∙ വയനാട് ജില്ല രൂപീകൃതമായതു മുതൽക്കുള്ള ആവശ്യമായ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. എന്നിട്ടും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ മെല്ലെപ്പോക്കു നയം തുടരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ട കാത്തിരിപ്പിന് ശേഷം 2021 ഫെബ്രുവരി 12നാണു കഴിഞ്ഞ പിണറായി വിജയൻ സർക്കാർ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയത്. ഉത്സവ അന്തരീക്ഷത്തിൽ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തി പ്രഖ്യാപനം നടത്തി.

എന്നാൽ, ഗുരുതരാവസ്ഥയിലായ രോഗികളെ 100 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കേണ്ടി വരുന്ന ദുർഗതിക്ക് ഇനിയും പരിഹാരമായില്ല. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജാക്കി മാറ്റുക മാത്രമാണ് ഉണ്ടായതെന്ന വിമർശനങ്ങൾക്കിടയിലും മെഡിക്കൽ കോളജിനായി 140 തസ്തികകൾ സൃഷ്ടിച്ചതും ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ചതും ആശ്വാസ നടപടികളായി. പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘം കോളജ് പൂർണ തോതിൽ യാഥാർഥ്യമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്.

വയനാട്  ഗവ മെഡിക്കൽ കോളജ് നിർമാണവുമായി ബന്ധപ്പെട്ട്   വാപ്കോസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്.
വയനാട് ഗവ മെഡിക്കൽ കോളജ് നിർമാണവുമായി ബന്ധപ്പെട്ട് വാപ്കോസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്.

തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ സ്ഥലത്ത് പുതിയ കെട്ടിട നിർമാണത്തിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ച് കഴിഞ്ഞു. 636 കോടി രൂപയുടെ പദ്ധതിയാണ് കൺസൽറ്റന്റായ വാപ്കോസ് സർക്കാരിന് സമർപ്പിച്ചത്. കിഫ്ബിയിൽ നിന്ന് 300 കോടി രൂപ മെഡിക്കൽ കോളജിനായി നീക്കി വച്ചിട്ടുണ്ട്. ബോയ്സ് ടൗണിൽ ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കിയെങ്കിൽ മാത്രമേ 2024–25 വർഷമെങ്കിലും മെഡിക്കൽ വിദ്യാർഥികളുടെ പ്രവേശനം സാധ്യമാകൂ. ആരോഗ്യ സർവകലാശാല നിയോഗിച്ച സംഘം നൽകിയ റിപ്പോർട്ടിലുള്ള ന്യൂനതകൾ ഉടൻ പരിഹരിച്ചെങ്കിൽ മാത്രമേ കോളജിന്റെ അംഗീകാരത്തിനായി നാഷനൽ മെഡിക്കൽ കൗൺസിലിന് അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ.

ഇവിടേക്കു നിയമിച്ച ഡോക്ടർമാർ തന്നെ വർക്കിങ് അറേഞ്ച്മെന്റിൽ ചുരമിറങ്ങുന്ന പതിവിനു മാറ്റം ഉണ്ടായിട്ടില്ല. ഇതിനു മാറ്റം വരണമെന്നു പ്രഥമ ആശുപത്രി വികസന സൊസൈറ്റി യോഗത്തിൽ തന്നെ നിർദേശം ഉയർന്നതാണ്. 6 പ്രഫസർമാർ വേണ്ടിടത്ത് 4 പേരെ മാത്രമാണു നിയമിച്ചത്. അസോഷ്യേറ്റ് പ്രഫസർമാരുടെ 21 ഒഴിവുകളും നികത്തേണ്ടതുണ്ട്. അസി. പ്രഫസർമാരുടെ 28 തസ്തികയിൽ 4 പേർ മാത്രമാണു നിലവിലുള്ളത്. 27 സീനിയർ റസിഡന്റുമാരെ പോസ്റ്റ് ചെയ്തതിൽ 10 പേർ മാത്രമാണുള്ളത്.

ജൂനിയർ റസിഡന്റുമാരുടെ 32 തസ്തികകളിലേക്കു നിയമിച്ചവർ നിലവിൽ ഇവിടെ സേവനം ചെയ്ത് വരുന്നുണ്ട്. പ്രഫസർമാരുടെയും സീനിയർ ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തുകയും കെട്ടിട നിർമാണം അടക്കമുള്ള കാര്യങ്ങൾ വേഗം തീർക്കുകയും വേണം. 2021 നവംബർ 21ന് കോളജ് സന്ദർശിച്ച മന്ത്രി വീണ ജോർജ് ഇക്കാര്യത്തിൽ ഉൗർജിത ശ്രമങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ ഇൗ വിഷയം ഉന്നയിച്ച ഒ.ആർ.കേളു എംഎൽഎയ്ക്കു നൽകിയ മറുപടിയിലും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com