ADVERTISEMENT

കൽപറ്റ ∙ കേരളത്തിൽ ഏതെങ്കിലും ഒരു ജില്ല പൂർണമായും മരുഭൂമി ആയി മാറുമെങ്കിൽ അത് ആദ്യം നടക്കുക വയനാട്ടിലായിരിക്കും! ആസന്നമായ മരുഭൂവൽക്കരണം തടയാനുള്ള മൃതസജ്ഞീവനിയാണു കബനി നദിയിലൂടെയൊഴുകുന്നത്. വയനാടൻ ജനതയുടെ ഭാവി തന്നെ കബനി സംരക്ഷണവുമായി ബന്ധപ്പെട്ടാണിരിക്കുന്നതും. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായിരുന്നു വയനാട്ടിലെ ലക്കിടി. എന്നാൽ, ലക്കിടിയിലും വർഷത്തിൽ മിക്ക ദിവസവും മഴ കിട്ടിയിരുന്ന സൂചിപ്പാറ, വടുവൻചാൽ, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും അടുത്തകാലത്തായി മഴക്കുറവ് അനുഭവപ്പെടുന്നു. പ്രളയകാലം മാറ്റിനിർത്തിയാൽ 2017 വരെ തുടർച്ചയായ 20 വർഷത്തോളം വയനാട്ടിൽ മഴ കുറഞ്ഞുവരികയാണ്. 

വർഷത്തിൽ ശരാശരി 3502 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്, 2016ൽ വയനാട്ടിൽ പെയ്തത് വെറും 1073.8 മില്ലീമീറ്റർ മാത്രമാണ്. വയനാടിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവിലും വ്യത്യാസമുണ്ട്. ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യർമല, മേപ്പാടി, ചെമ്പ്രമല ഭാഗങ്ങളിൽ വർഷത്തിൽ 4000 മില്ലീമീറ്റർ മഴ വരെ ലഭിക്കുമ്പോൾ പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ പെയ്യുന്നതു ശരാശരി 1500 മില്ലീമീറ്റർ മഴ മാത്രമാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ റഡാർ കേന്ദ്രവുമായി ചേർന്ന് വയനാട്ടിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മഴക്കുറവും മഴ വിതരണത്തിലുണ്ടാകുന്ന അന്തരവുമുണ്ടാക്കുന്ന കാലാവസ്ഥാവ്യതിയാനം അതിവേഗമുള്ള മരുഭൂവൽക്കരണത്തിന്റെ പ്രകടമായ സൂചനയാണ്.

മറഞ്ഞു പോയൊരു കാലം

അതിവർഷം മൂലം പ്രളയമുണ്ടാകുന്ന വയനാടിന്റെ കിഴക്കു പടിഞ്ഞാറൻ മേഖലയും കബനി തീരത്തു മഴയില്ലാതെ വരണ്ടു കിടക്കുന്ന പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളും തമ്മിലുള്ള ദൂരം ശരാശരി 45 കിലോമീറ്റർ മാത്രം. ഇത്രയും ചെറിയ ചുറ്റളവിൽ മഴയുടെ വിതരണത്തിലുണ്ടാകുന്ന അന്തരം മൂലം കബനി മെലിഞ്ഞുണങ്ങുകയാണ്. വൈക്കോൽ കത്തിച്ച് ഡീസൽ ടാങ്ക് ചൂടാക്കിയാൽ മാത്രം ബസ് സ്റ്റാർട്ടാകുന്ന ഒരു തണുപ്പുകാലം വയനാടിനുണ്ടായിരുന്നു. ഇന്നു വയനാട്ടിൽ ഇടത്തരക്കാർ പണിയുന്ന പുത്തൻ വീടുകളിൽ എയർ കണ്ടീഷനർ ഒഴിവാക്കാനാകാത്ത ഘടകമായി. അന്തരീക്ഷ താപനിലയിലുണ്ടായ ഈ വർധനയും കബനി നദിയെയാണ് ആദ്യം ബാധിക്കുന്നത്.

കൊള്ളാമീമ്മഴ, കൊള്ളരുതീമ്മഴ

അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വയനാട്ടിൽ ജൂൺ മാസത്തിൽ ശരാശരി 311 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു കഴിഞ്ഞ 3 വർഷങ്ങളിലും ശരാശരി 150 മില്ലീമീറ്റർ മഴ മാത്രമാണു ലഭിച്ചത്. കഴിഞ്ഞ വർഷം മൺസൂണിൽ 2371.6 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും പെയ്തത് 1649.11 മില്ലീമീറ്റർ മഴ മാത്രമാണെന്നു ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി. ഓരോ വർഷവും ലഭിക്കുന്ന മഴയുടെ അളവിലും വലിയ ഏറ്റക്കുറച്ചിലാണുണ്ടാകുന്നത്. 

2017ൽ 37% മഴക്കുറവുണ്ടായ ജില്ലയിൽ തൊട്ടടുത്ത രണ്ടു വർഷങ്ങളിലും ഓഗസ്റ്റ് മാസത്തിൽ വൻ പ്രളയമുണ്ടായി. അടുത്തടുത്ത ഇടവേളകളിൽ വരണ്ടുണങ്ങിയും പ്രളയജലം കുതിച്ചൊഴുകിയും കബനിയുടെ ജലസ്ഥിരതയും ഇല്ലാതായി. ഭൂമിയിൽ വീഴുന്ന മഴയുടെ പ്രഹരശക്തി മൂലം മണ്ണൊലിപ്പുണ്ടാകും. ഇതു നദികളിലും ജലാശയങ്ങളിലും മണ്ണടിഞ്ഞു സംഭരണശഷി കുറയ്ക്കും. ആഴവും വീതിയും കുറഞ്ഞതോടെ ജലം പിടിച്ചുനിർത്താനുള്ള ശേഷിയും കുറഞ്ഞുവരുന്നു. നേരത്തെ 20 മീറ്ററിലധികം വീതിയുണ്ടായിരുന്ന നദിയുടെ പലഭാഗങ്ങളിലും ഇപ്പോൾ ഒരാൾക്കു വേണമെങ്കിൽ അക്കരയ്ക്കു ചാടിക്കടക്കാമെന്ന സ്ഥിതിയാണ്.

വളം കലക്കിയ വെള്ളം

വൻകിട തോട്ടങ്ങളിലെ വളപ്രയോഗത്തിൽ നിന്നുള്ള രാസമാലിന്യമാണു കബനി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ഫേൺസ് നാചുറലിസ്റ്റ്സ് സൊസൈറ്റി പ്രവർത്തകൻ പി.എ. അരുൺ പറയുന്നു. ഗുണനിലവാരമുള്ള ജലം മനുഷ്യന്റെയും മറ്റു ജന്തുജാലങ്ങളുടെയും അടിസ്ഥാന ആവശ്യമാണ്. അത് ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനാകണം സർക്കാരുകളുടെ പ്രഥമ പരിഗണന. എന്നാൽ, കബനി സംരക്ഷണമെന്ന പേരിൽ നടക്കുന്ന സർക്കാർ പദ്ധതികളിൽ മിക്കതും പുഴയുടെ സംരക്ഷണത്തിനായല്ല, കരയുടെ നിലനിൽപിനായാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

‘ഉദാഹരണത്തിന്, പുഴയോരം ഇടി‍ഞ്ഞാൽ അടുത്തുള്ള റോഡിനെ ബാധിക്കും. ഉടൻതന്നെ വലിയൊരു കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുണ്ടാക്കും. ഇതു വാസ്തവത്തിൽ പുഴ സംരക്ഷണമല്ല, റോഡ് ഇടിയാതിരിക്കാനുള്ള കര സംരക്ഷണമാണ്’- അരുൺ പറയുന്നു.ഏറിയപങ്കും വനപ്രദേശങ്ങളിലൂടെയാണ് ഒഴുക്കെന്നതിനാൽ മലിനീകരണം താരതമ്യേന കുറഞ്ഞ നദിയായിരുന്നു കബനി. എന്നാൽ, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ. അതെക്കുറിച്ചു നാളെ

ചുമ്മാ ഒലിച്ചുപോകുന്നു നാല് ടിപ്പർ മണ്ണ്

കേരളത്തിൽ ഒരു ഹെക്ടറിൽ നിന്ന് ഒരു വർഷം ശരാശരി 20 ടൺ മണ്ണ് ഒഴുകിപ്പോകുന്നുവെന്നാണു കണക്ക്. വലിയൊരു ടിപ്പറിൽ 4 ലോഡ് വരെ അടിക്കാനുള്ള മണ്ണുണ്ടാകും ഇത്. ഒരു ഹെക്ടറിൽ നിന്ന് ഒരു മില്ലീമീറ്റർ കനത്തിൽ മാത്രം മണ്ണൊലിച്ചു പോകുന്നുവെന്നു കണക്കാക്കിയാൽ പോലും അത് 20 ടണ്ണിലധികം വരും. ചെരിവു കൂടുതലുള്ളതിനാലും ഇടവിള കൃഷികൾ വ്യാപകമായതിനാലും വയനാട്ടിൽ മണ്ണൊലിപ്പിന്റെ തോത് വളരെ കൂടുതലാണെന്നും 20 ടണ്ണിലധികം മണ്ണ് വയനാടിന്റെ 1.63 ലക്ഷം ഹെക്ടർ വരുന്ന കബനിതടത്തിൽ നിന്ന് വർഷത്തിൽ കബനിയിലേക്ക് ഒലിച്ചെത്തുന്നുണ്ടെന്നും ജില്ലാ മണ്ണുസംരക്ഷണ ഓഫിസറായിരുന്ന പി.യു. ദാസ് പറയുന്നു. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ ഇതിലധികം മണ്ണാണ് ഒറ്റയടിക്കു കബനിയിൽ വന്നു അടിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com