ഹിന്ദുസ്ഥാൻ പെട്രോളിയം പാചക വാതക വിതരണം കുത്തഴിഞ്ഞതായി പരാതി
Mail This Article
പുൽപള്ളി ∙ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ പാചക വാതക വിതരണം കുത്തഴിഞ്ഞിട്ടു മാസങ്ങളായെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ അമാന്തം കാണിക്കുന്നതായി പരാതി. ബത്തേരിയിലെ റിലയൻസ് ഏജൻസിയാണ് താലൂക്കിൽ മിക്കയിടത്തും സിലിണ്ടർ വിതരണം ചെയ്യുന്നത്. മാസങ്ങളായി സിലിണ്ടർ ലഭിക്കാതെ ഉപയോക്താക്കൾ വലയുന്നു. സിലിണ്ടർ ബുക്ക് ചെയ്യാനും മാറ്റിയെടുക്കാനും കഴിയാതെ പെരുമഴക്കാലത്ത് ജനം നട്ടംതിരിയുകയാണ്. പാചകാവശ്യത്തിനു ഇതര സംവിധാനമില്ലാത്തവരുടെ കാര്യം കഷ്ടമായി. മഴക്കാലമായതിനാൽ നല്ല വിറകും ലഭിക്കാനില്ല. നാട്ടിൽ മണ്ണെണ്ണയും കിട്ടാക്കനിയാണ്.
ഇവരുടെ സിലിണ്ടറും റഗുലേറ്ററും മടക്കി നൽകി വേറെ കണക്‌ഷനെടുക്കാമെന്നു കരുതിയാലും രക്ഷയില്ലെന്ന് ആളുകൾ പറയുന്നു. ബത്തേരിയിലെ ഏജൻസി ഓഫിസ് പലപ്പോഴും അടഞ്ഞു കിടക്കുന്നു. ഫോണിലും ആരെയും കിട്ടാറില്ല. വിതരണമുള്ള ദിവസങ്ങളിൽ ആളുകൾ പാതയോരത്തും വീട്ടുമുറ്റത്തും പരിസരത്തെ കവലകളിലുമെല്ലാം സിലിണ്ടറെത്തിച്ചു കാവലിരിക്കും. വൈകുന്നേരം വീട്ടിലേക്കു തിരിച്ചു ചുമക്കും. സിലിണ്ടറുമായി കഴിഞ്ഞ ദിവസം പുൽപള്ളിയിൽ നിന്നു ചിലർ ബത്തേരിയിലെത്തിയിരുന്നു. തുറക്കാത്ത ഏജൻസി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു മടങ്ങി. ഉപഭോക്താക്കൾ താലൂക്ക് സപ്ലൈ ഓഫിസർക്കു പരാതി നൽകിയിരുന്നു.
പൊതുവിതരണ വകുപ്പിനു കീഴിലുള്ള ഈ കുത്തഴിഞ്ഞ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ ഉദ്യോഗസ്ഥരും കൈമലര്‍ത്തുന്നു. സിലിണ്ടര്‍ കൃത്യമായി എല്ലായിടത്തും എത്തുന്നുണ്ടെന്നാണ് അധികൃതരുടെ ന്യായം. നിലവിലുള്ള ഏജന്‍സിക്കു കൃത്യമായി നടത്താന്‍ കഴിയാത്ത പക്ഷം വേറെ ഏജന്‍സിയെ ഏല്‍പ്പിക്കുകയോ, ഉപഭോക്താക്കള്‍ക്ക് ഏജന്‍സി മാറാനുള്ള സൗകര്യമുണ്ടാക്കുകയോ വേണം. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.