അവഗണനയുടെ പടുകുഴിയിൽ ചുള്ളിയോട് ബസ് സ്റ്റാൻഡ്
Mail This Article
അമ്പലവയൽ ∙ ചുള്ളിയോട് ബസ് സ്റ്റാൻഡ് നവീകരിക്കണമെന്ന ആവശ്യമുയരുന്നു. അതിർത്തി പ്രദേശത്തെ ടൗണായ ചുള്ളിയോട് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു വിശ്രമിക്കാനോ ഇരിക്കാനോ സ്ഥലമില്ല. സ്റ്റാൻഡിനുള്ളിലേക്കു മിക്ക ബസുകളും കയറാത്തതിനാൽ വഴിയോരത്ത് വെയിലും മഴയും കൊണ്ടാണു യാത്രക്കാർ ബസുകളിൽ കയറുന്നത്.
ബസ് സ്റ്റാൻഡിന്റെ ഉൾവശത്ത് സൗകര്യമുണ്ടെങ്കിലും റോഡിനോട് ചേർന്നുള്ള ഭാഗത്താണു മിക്കവയും നിർത്തുന്നത്. ഉൾഭാഗത്ത് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും അതിലെ ഇരിപ്പിടങ്ങളെല്ലാം തകർന്ന ഉപയോഗിക്കാൻ കഴിയാത്ത വിധമാണ്. മാലിന്യങ്ങളും മദ്യക്കുപ്പികളുമെല്ലാം കാത്തിരിപ്പു കേന്ദ്രത്തിലുണ്ട്. പ്രദേശത്തെ തെരുവ് നായ്ക്കൾ കിടക്കുന്നതും കാത്തിരിപ്പു കേന്ദ്രത്തിലാണ്. അതിനാൽ തന്നെ യാത്രക്കാർ അധികവും ഇവിടെ കയറാറില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാരും ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനാന്തര കെഎസ്ആർടിസി സർവീസുകളടക്കം ഇതിലൂടെ കടന്നു പോകുന്നതിനാൽ ദീർഘദൂര യാത്രക്കാരും രാവിലെ മുതല്‍ സ്റ്റാന്‍ഡിലെത്താറുണ്ട്.