ADVERTISEMENT

മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയെന്നു പരാതി. ഞായറാഴ്ച രാത്രി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടയാളുടെ പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട തർക്കമാണു പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മാനന്തവാടി സ്വദേശിയും കോഴിക്കോട് വിജിലൻസ് എസ്പിയുമായ പ്രിൻസ് ഏബ്രഹാമിനെതിരെയാണു പരാതി. അപമാനകരമാകുന്ന തരത്തിൽ സംസാരിച്ചെന്നും ഡോ. കെ.ബി. സിൽബി മാനന്തവാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ചികിത്സയ്ക്കെത്തിയ രോഗി മരിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ വിവരം നൽകാതെ പോസ്റ്റ്മോർട്ടം നടപടികൾക്ക് നിർബന്ധം പിടിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും മറ്റു പരാതികളെല്ലാം തികച്ചും വസ്തുതാ വിരുദ്ധമെന്നും പ്രിൻസ് ഏബ്രഹാം പറഞ്ഞു. മരിച്ചയാൾ അയൽവാസിയും അടുത്ത സുഹൃത്തുമാണ്. അതുകൊണ്ടാണു വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ വനിതാ ഡോക്ടറെ അസഭ്യം പറയുകയും ജോലി  തടസ്സപ്പെടുത്തുകയും ചെയ്തെന്നു കുറ്റപ്പെടുത്തി  ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധ യോഗം നടത്തി. നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുമെന്നു യോഗം വ്യക്തമാക്കി. ഡോ. കെ.വി. രാജൻ, ടിറ്റോ സേവ്യർ, ഡോ. കെ.ബി. സിൽബി, ഡോ. ഹരീഷ് എന്നിവർ പ്രസംഗിച്ചു. 

മൃതദേഹത്തോട് അവഗണന കാണിച്ചെന്ന് പരാതി

 മാനന്തവാടി ∙ ഞായറാഴ്ച ഉച്ചയ്ക്ക് അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച താന്നിക്കൽ സ്വദേശി വർക്കി വൈകിട്ട് ഹൃദയസ്തംഭനത്തെ തുടർന്നു മരിച്ചിട്ടും മൃതദേഹത്തോട് അവഗണന കാണിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. പോസ്റ്റ് മോർട്ടം വേണമെന്ന് അകാരണമായി നിർബന്ധം പിടിക്കുകയാണ് ഡ്യൂട്ടിയിലുള്ള ഡോക്ടർ ചെയ്തത്.

പ്രശ്നത്തിൽ ഇടപെട്ട അയൽവാസിയായ പൊലീസ് ഓഫിസർക്കെതിരെ വ്യാജപരാതി ഉന്നയിക്കുകയാണ് ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12നു പോസ്റ്റ് മോർട്ടം കഴിഞ്ഞിട്ടും 2.15നു ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്. ഇത് ഡ്യൂട്ടി ഡോക്ടറുടെ പ്രതിഷേധത്തിന്റെ  ഭാഗമായി മനഃപൂർവം ചെയ്തതാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിഎംഒയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.

ഐഎംഎ അപലപിച്ചു 

മാനന്തവാടി ∙ ഡോക്ടർമാർക്ക് എതിരെ വർധിച്ചു വരുന്ന അക്രമങ്ങളെ ഐഎംഎ നോർത്ത് വയനാട് അപലപിച്ചു. വയനാട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. എ. ഗോകുൽദേവ്, സെക്രട്ടറി ഡോ. ബിനിജ മെറിൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com