ചുരത്തിലെ യാത്രാക്കുരുക്കും കടുവ ഭീതിയും, വേണ്ടത്ര ആവശ്യക്കാരില്ല; വൈക്കോലിന് പുല്ലുവില
Mail This Article
പനമരം∙ ചുരത്തിലെ യാത്രാക്കുരുക്കും കടുവ ഭീതി കാരണം ക്ഷീരകർഷകർ മൃഗപരിപാലനം കുറച്ചതും വൈക്കോൽ വിൽപനയെ സാരമായി ബാധിക്കുന്നു. മുൻ വർഷങ്ങളിൽ കൊയ്ത്തുകാലം ആരംഭിക്കുമ്പോൾ കച്ചവടം നടന്നിരുന്ന വൈക്കോലിന് ഇക്കുറി വേണ്ടത്ര ആവശ്യക്കാരില്ല. നെല്ലിനൊപ്പം പുല്ലും കൂടി വിൽപന നടന്നാൽ മാത്രമേ ഇക്കുറി മുടക്കുമുതലെങ്കിലും കിട്ടുകയുള്ളൂ.
ജില്ലയിൽ കൊയ്ത്ത് പാതിയിലേറെയായെങ്കിലും പല പാടങ്ങളിലും റോൾ ആക്കിയ വൈക്കോൽ വിൽപന കാര്യമായി നടക്കുന്നില്ല. ഗതാഗതക്കുരുക്കു പതിവായ ചുരം വഴി വൈക്കോൽ കൊണ്ടു പോകുന്നതിനുള്ള പ്രയാസം കാരണമാണു വൈക്കോലിന് ഇതരജില്ലകളിൽ നിന്നുള്ളവർ എത്താത്തതെന്നു പറയപ്പെടുന്നു. 3 വർഷം മുൻപു വരെ വയനാടൻ വൈക്കോൽ തേടി ക്ഷീരകർഷകർ കൊയ്ത്തു തുടങ്ങും മുൻപു പാടശേഖരങ്ങളിൽ എത്തി കച്ചവടം ഉറപ്പിച്ചു പോയിരുന്നു.
എന്നാൽ, ഇക്കുറി കൊയ്ത്ത് കഴിയാറായിട്ടും ഇതര ജില്ലകളിൽ നിന്നുള്ളവർ പേരിനു മാത്രമേ എത്തിയിട്ടുള്ളൂ. ഇതു കാരണം പല പാടങ്ങളിലും കൊയ്ത്തിനു ശേഷം വൈക്കോൽ കെട്ടി സൂക്ഷിച്ചു വയ്ക്കേണ്ട അവസ്ഥ. 20 കിലോയുള്ള വൈക്കോൽ കെട്ടിന് 180 മുതൽ 200 രൂപ വരെയാണു വില. യന്ത്രമുപയോഗിച്ചു വൈക്കോൽ കെട്ടുന്നതിന് 35 രൂപ മുതൽ 45 രൂപ വരെയാണു ചെലവ്. കെട്ട്, കയറ്റുകൂലി കഴിച്ചു കർഷകനു ലഭിക്കുന്നത് 150 രൂപ.
ഈ തുകയ്ക്കു വിറ്റാൽ, കൂലിച്ചെലവു കഴിച്ചു മുതലു പോലും കിട്ടാത്ത അവസ്ഥയാണ്. ആവശ്യക്കാർ കൂടുതൽ എത്തിയാൽ കർഷകർ പറയുന്ന വിലയ്ക്കു വൈക്കോൽ കയറ്റിപ്പോകുകയും മുടക്കുമുതൽ തിരിച്ചു കിട്ടുകയും ചെയ്യും. നെല്ലു സംഭരിക്കുന്നതു പോലെ വൈക്കോലും സംഭരിക്കാൻ സർക്കാർ തലത്തിൽ തീരുമാനമുണ്ടാക്കണ മെന്നും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കണ മെന്നുമാണ് കർഷകരുടെ ആവശ്യം.