ADVERTISEMENT

ഗൂഡല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സീഫോർത്ത് സ്വദേശി നൗഷാദലിയുടെ മൃതദേഹം വിട്ടു നൽകാതെ നാട്ടുകാർ നടത്തിയ സമരത്തിന് മുൻപിൽ അധികൃതർ വഴങ്ങി. നാട്ടുകാരുടെ ആവശ്യങ്ങൾ 80% അംഗീകരിച്ചു. സീഫോർത്തിലെ അമ്പിളിമല സ്വകാര്യ എസ്റ്റേറ്റിലെ സൂപ്പർവൈസറായിരുന്ന നൗഷാദലി ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ ഇന്ദിരാ നഗറിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജമാലിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട നൗഷാദലിയുടെ മൃതദേഹം നാട്ടുകാർ സീഫോർത്തിലെ നിസ്കാര പള്ളിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനെത്തിയ പൊലീസുകാരെ നാട്ടുകാർ തടഞ്ഞു.

ഈ പ്രദേശത്ത് നടക്കുന്ന നരഹത്യയ്ക്കു നടപടി ഉണ്ടാകാതെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. രാത്രിയിൽ തന്നെ മൊബൈൽ ഫ്രീസർ കൊണ്ടു വന്ന് മൃതദേഹം ഫ്രീസറിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതൽ സീഫോർത്ത് ഭാഗത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. രാവിലെ മുതൽ നടന്ന ചർച്ചയിൽ തമിഴ്നാട് സർക്കാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന 5 ലക്ഷം രൂപ ഉടൻ നൽകും അതിനോടൊപ്പം കലക്ടറുടെ ഫണ്ട്‍, എംപി ഫണ്ടിൽ നിന്നും ഓരൊ ലക്ഷം രൂപയും ഉടൻ നൽകും സ്വകാര്യ തേയില 3 ലക്ഷം രൂപയും മരിച്ച നൗഷാദിന്റെ ഭാര്യ നസീമയക്ക് ഗൂഡല്ലൂർ ഡിഎഫ്ഒ ഓഫിസിൽ താൽക്കാലിക നിയമനം നൽകുമെന്നും ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കണ്ടെത്തി പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒാവാലി പഞ്ചായത്തിലെ സീഫോര്‍ത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നൗഷാദലിയുടെ മൃതദേഹം സൂക്ഷിച്ച സ്ഥലത്ത് നാട്ടുകാര്‍ കാവല്‍ നില്‍ക്കുന്നു.

ഗൂഡല്ലൂർ ഡിഎഫ്ഒ കൊങ്കുഒംങ്കാർ എഡിഎസ്പി മോഹൻ നിവാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടത്തിയത്. വൈകുന്നേരം 3.30 ന് നാട്ടുകാർ സമരം അവസാനിപ്പിച്ചു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ സീഫോർത്ത് വച്ച് തന്നെ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം സീഫോർത്ത് വലിയ പള്ളി ഖബർസ്ഥാനിൽ കബറടക്കം നടത്തി.

ഓവാലിയിൽ 8 മാസത്തിൽ കൊല്ലപ്പെട്ടത് 6 പേർ 

ഗൂഡല്ലൂർ∙ ഓവാലി പഞ്ചായത്ത് മനുഷ്യരുടെ കുരുതികളമായി മാറി.  സീഫോർത്ത് സ്വദേശി നൗഷാദലിയുടെ മരണത്തോടെ 8 മാസത്തിനുള്ളിൽ 6 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാടിറങ്ങുന്ന കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളുടെ കണ്ണീരുണങ്ങാത്ത പ്രദേശമാണ് ഓവാലി.   ഒവാലി പഞ്ചായത്തിലെ ആറാട്ടുപാറയിൽ ആനന്ദ് കുമാർ, ഭാരം സ്വദേശിനി മുംതാജ്, സെൽവപുരത്തിൽ നാഥൻ, ചൂണ്ടിയിൽ രാജകുമാരി, ഗാന്ധി നഗറിൽ ശിവനാണ്ടി. എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടത്.

ഇവരെല്ലാം ജനവാസ മേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ നീലഗിരി ജില്ലയിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഗൂഡല്ലൂർ , പന്തല്ലൂർ താലൂക്കുകളിൽ മാത്രം 11 പേർ കൊല്ലപ്പെട്ടു. ആറാട്ടുപാറയിൽ ആനന്ദ് കുമാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ കാടിറങ്ങിയ കാട്ടാനകളെ തുരത്താനായി തെപ്പക്കാട് നിന്നും താപ്പാനകളെ കൊണ്ടു വന്നിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം താപ്പാനകളെ തിരികെ കൊണ്ടു പോയി . ജനരോഷം തണുപ്പിക്കുക മാത്രമാണ് വനം വകുപ്പും ലക്ഷ്യമിടുന്നത്. ജനങ്ങൾ കൊല്ലപ്പെടുമ്പോൾ ഉദ്യോഗസ്ഥർ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാകുന്നില്ല. മരിച്ചവരുടെ ആശ്രിതർ തനിച്ച് ഓഫിസുകൾ കയറി ഇറങ്ങുന്നതോടെ എല്ലാം നിശബ്ദമാകുന്നതും സാധാരണ കാഴ്ചയാണ്.

തോട്ടം തൊഴിലാളികളും ഇടത്തരം കർഷകരും ജീവിക്കുന്ന പ്രദേശമാണിത്.   ഓവാലി പഞ്ചായത്തിലേക്കുള്ള കവാടങ്ങളിൽ വനം വകുപ്പ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലുള്ളവർ വനം കയ്യേറ്റക്കാരാണെന്നാണ് വനം വകുപ്പിലെ രേഖകൾ. മാറിവരുന്ന ഉദ്യോഗസ്ഥരും ഇവരെ കയ്യേറ്റക്കാരായി മാത്രമാണ് കാണുന്നത്. വന്യ മൃഗങ്ങളുടെ ആക്രമണം തുടരുന്നതിനാലും വനം വകുപ്പിന്റെ പീഡനത്തിലും മനം നൊന്ത് നിരവധി കുടുംബങ്ങൾ ഇവിടം വിട്ടിറങ്ങി തുടങ്ങി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് നിരന്തര പരിഹാരമാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com