ADVERTISEMENT

പടിഞ്ഞാറത്തറ∙ ആട്ടവും പാട്ടും പാഠങ്ങളും ആസ്വദിച്ച് 3 ദിവസം നീണ്ടു നിന്ന ഗോത്ര സഹവാസ ക്യാംപിന് സമാപനമായി. വാരാമ്പറ്റ ഹൈസ്കൂളിൽ ഗോത്ര വിദ്യാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ ക്യാംപ് ആണ് ഇന്നലെ അവസാനിച്ചത്. ഗോത്ര വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നതിനും കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കുന്നതിനും വേണ്ടിയാണു ഇത് സംഘടിപ്പിച്ചത്.

6വർഷം മുൻപ് തുടക്കം കുറിച്ച ക്യാംപ് ഓരോ വർഷവും പുതിയ പേരിലും വ്യത്യസ്തമായ ശൈലിയിലും ആണ് അവതരിപ്പിച്ചു വരുന്നത്. ഒരുമിച്ച് എന്ന് അർഥം വരുന്ന ജൊത്ത് എന്ന പേരിൽ ആണ് ഇത്തവണ ക്യാംപ് സംഘടിപ്പിച്ചത്. തുടർച്ചയായി നടത്തുന്ന ക്യാംപിന്റെ ഭാഗമായി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും ഹാജർ നില പൂർണമാക്കുന്നതിനും ഈ വിദ്യാലയത്തിന് കഴി‍ഞ്ഞിട്ടുണ്ട്.

ഇവിടെ ഗോത്ര വിഭാഗത്തിൽ മാത്രമായി 242 കുട്ടികൾ പഠിക്കുന്നുണ്ട്. വിഭവ സമൃദ്ധമായ ഭക്ഷണവും മികച്ച താമസവും ഒരുക്കി സ്കൂളിനു സമീപത്തെ 14 ഗോത്ര കോളനികളിൽ നിന്നുള്ള മുഴുവൻ കുടുംബങ്ങൾക്കും കഴിഞ്ഞ 3 ദിവസം സ്കൂൾ ആതിഥ്യമരുളി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ള പരിപാടികളാണ് ക്യാംപിൽ നടത്തിയത്. 

അഭിനയ കളരി, കളിമൺ ശിൽപശാല, നാടൻ പാട്ട്, മുളയുൽപ്പന്ന നിർമാണ പരിശീലനം, ചിത്ര രചന, കരകൗശല വസ്തു നിർമാണ പരിശീലനം എന്നിവ വിദ്യാർഥികൾക്കും ലഹരി മുക്ത ബോധവൽക്കരണം, പഠന പിന്തുണ ബോധവൽക്കരണം എന്നിവ രക്ഷിതാക്കൾക്കും പകർന്നു നൽകി. 

പിടിഎ പ്രസിഡന്റ് പി.സി. മമ്മൂട്ടി, പ്രധാന അധ്യാപകൻ എം.കെ. അബ്ദുൽ ഗഫൂർ, അധ്യാപകരായ പി. മുഹമ്മദ് ഷാഫി, സി. കിരൺ, പി.വി. വിപിനേഷ്, സി. മുനീർ, ആർ. ശാരി, പി. പ്രിയങ്ക, എം.പി. മനോജ് കുമാർ, ടി. സഫ്‌വാൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണു ക്യാംപ് സംഘടിപ്പിച്ചത്.

ഗോത്രസാരഥി ഓട്ടം നിർത്തി, വിദ്യാർഥികളുടെ പഠനം മുടങ്ങി

പുൽപള്ളി ∙ പട്ടിക വർഗ വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ നടപ്പാക്കിയ ഗോത്രസാരഥി പദ്ധതി മുടങ്ങി. പഞ്ചായത്തിലെ 11 സ്കൂളുകളിലേക്കായി 1000 കുട്ടികളെത്തുന്നത് ഗോത്രസാരഥി വാഹനങ്ങളിലാണ്. 8 മാസത്തെ വാഹനക്കൂലിയിൽ 3 മാസത്തെ മാത്രമേ ഇതുവരെ വാഹന ഉടമകൾക്ക് ലഭിച്ചിട്ടുള്ളൂ. 

എണ്ണക്കാശില്ലാതെ ഇനി തുടരാനാവില്ലെന്ന നിലപാടിലാണ് ടാക്സി ഉടമകൾ. 25 ൽപരം വാഹനങ്ങളാണ് ഇവിടെ വാടകയ്ക്ക് എടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷം വരെ ട്രൈബൽ വകുപ്പിനായിരുന്നു ഗോത്രസാരഥിയുടെ നടത്തിപ്പു ചുമതല. ഇക്കൊല്ലം പഞ്ചായത്തുകളെയും പങ്കാളികളാക്കി. 

ഈ പദ്ധതിയിലേക്ക് വകയിരുത്തിയ തുക തീർന്നതിനാൽ  ഉത്തരവാദിത്വം ഇനി തുടരാനാവില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ വ്യക്തമാക്കി. അധ്യയന വർഷാരംഭത്തിൽ പ​ഞ്ചായത്തുകൾ തുക നൽകുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു. പട്ടികവർഗ വികസന വകുപ്പ് ഫണ്ട് നൽകാതെ പദ്ധതി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു.

പ​​ഞ്ചായത്തിലെ പാക്കം, ചേകാടി, വെളുകൊല്ലി, ചീയമ്പം, എഴുപത്തിമൂന്ന്, മഠാപ്പറമ്പ്, വെട്ടത്തൂർ തുടങ്ങിയ വന ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളുടെ പഠനം ദിവസങ്ങളായി മുടങ്ങി. ‌പരീക്ഷയടുത്തതിനാൽ സ്കൂളിലെത്താൻ ആഗ്രഹമുള്ളവർക്കും യാത്രാ സൗകര്യമില്ലാതെ പല കുട്ടികളും പ്രയാസപ്പെടുന്നു. അധ്യയന വർഷാവസാനത്തിൽ വണ്ടിക്കൂലിയുടെ പേരിൽ തർക്കമുണ്ടാക്കി കുട്ടികളുടെ ഭാവി അവതാളത്തിലാക്കരുതെന്നാണ് രക്ഷിതാക്കളുടെ അപേക്ഷ.

കണിയാമ്പറ്റ പഞ്ചായത്തിലും ഓട്ടം നിർത്തുന്നു

പനമരം∙ ഗോത്രസാരഥി പദ്ധതി പ്രകാരം വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന വാഹനങ്ങൾക്ക് വാടക ലഭിച്ചില്ല. പഞ്ചായത്ത് ഓഫിസിന് മുൻപിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കാനൊരുങ്ങി വാഹന ഉടമകളും തൊഴിലാളികളും. കണിയാമ്പറ്റ പഞ്ചായത്തിലാണ് ഗോത്രസാരഥി പദ്ധതി പ്രകാരം വിദ്യാർഥികളെ സ്കൂളുകളിൽ എത്തിച്ചിരുന്ന വാഹനങ്ങൾക്ക് വാടകയിനത്തിൽ 9 മാസമായി ഒരുരൂപ പോലും ലഭിക്കാത്തതിനെ തുടർന്ന് വാഹനങ്ങൾ ഓട്ടം നിർത്തുന്നത്. 

ഗോത്രസാരഥി പദ്ധതി പ്രകാരം വാഹനം ഓടിച്ച തൊഴിലാളികൾക്ക് ഇന്ധനം നിറയ്ക്കാൻ പോലും പണം ഇല്ലാതെ പ്രതിസന്ധിയിലാണ് വാഹന ഉടമകളും തൊഴിലാളികളും. കണിയാമ്പറ്റ പഞ്ചായത്തിലെ 5 സ്കൂളുകളിലേക്ക് ഗോത്രസാരഥി പദ്ധതിപ്രകാരം 8 വാഹനങ്ങളാണ് സർവീസ് നടത്തുന്നത്. 

ഈ വാഹനങ്ങൾ എല്ലാംതന്നെ ഓട്ടം നിർത്താനാണ് തീരുമാനം. കഴിഞ്ഞ മാസം ഇതേക്കുറിച്ചു പരാതി നൽകിയതിനെത്തുടർന്ന് ജൂൺ, ജൂലൈ മാസത്തെ വാടക ട്രൈബൽ ഓഫിസ് വഴിയും അതിന് ശേഷമുള്ളവ പഞ്ചായത്തിൽ നിന്നും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപ്പക്കാത്തതാണ് ഓട്ടം നിർത്തി സമരത്തിനിറങ്ങാൻ കാരണം. ഒരു വാഹനത്തിന് മാത്രം ഒന്നര ലക്ഷം രൂപയോളം ലഭിക്കാനുണ്ട്.

പഞ്ചായത്തധികൃതരുടെ അനാസ്ഥയും പണം വകമാറ്റി ചെലവഴിച്ചതുമാണ് വാടക ലഭിക്കാത്തതിനു പിന്നിലെന്നാണ് തൊഴിലാളികൾ പറയുന്നത്. വാഹന ഉടമകൾ ഓട്ടം നിർത്തി സമരത്തിനിറങ്ങിയാൽ ഗോത്ര വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാകുകയും പലരുടെയും പഠനം മുടങ്ങുകയും ചെയ്യും. ഒരു വർഷം മുൻപുവരെ പട്ടിക വർഗ വികസന വകുപ്പു വഴിയാണ് ഗോത്ര സാരഥി പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്കാണു പദ്ധതി നടപ്പാക്കാനുള്ള ചുമതല സർക്കാർ നൽകിയിട്ടുള്ളത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com