ADVERTISEMENT

മാനന്തവാടി ∙ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുടെ പേരിൽ വിവാദങ്ങളിൽ നിറയുന്ന ഗവ. മെഡിക്കൽ കോളജിന് ഇന്നു പിറന്നാൾ. 2021 ഫെബ്രുവരി 14നാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉത്സവാന്തരീക്ഷത്തിൽ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തുന്ന പ്രഖ്യാപനം നടത്തിയത്. ബോർഡ് മാത്രമാണു മാറിയതെന്നും അടിസ്ഥാന സൗകര്യങ്ങൾ മാറിയിട്ടില്ലെന്നും വിവിധ കോണുകളിൽ നിന്നു വിമർശനം ഉയരുന്നുണ്ടെങ്കിലും ജില്ലയുടെ ചിരകാല അഭിലാഷമായ മെഡിക്കൽ കോളജ് ഏറെ താമസിയാതെ പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മാനന്തവാടി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെ‍ഡിക്കൽ കോളജിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് ഇന്നും പതിവാണ്. പ്രതിദിനം 10 രോഗികളെ വരെ ഇപ്രകാരം കോഴിക്കോടിന് അയയ്ക്കേണ്ടി വരുന്നു. ഒരു പ്രധാന ആതുരാലയത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഇല്ലാത്തതാണു കാരണം. കാർഡിയോളജിസ്റ്റ് ഇല്ലാത്തതും വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച കാത്‌ലാബ് ഇനിയും പ്രവർത്തനം തുടങ്ങാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

അതു കൊണ്ടു തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഗൗരവമുള്ള കേസുകൾ എല്ലാം റഫർ ചെയ്യുകയാണ്. ട്രോമാകെയർ സംവിധാനം ഇല്ലാത്തതിനാൽ അപകടങ്ങൾ നടക്കുമ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിനെ തന്നെ ആശ്രയിക്കേണ്ടി വരികയാണ്. സിടി സ്കാൻ പ്രവർത്തനം നിലച്ചിട്ടു നാളുകളായി. എംആർഐ സ്കാനിങ് സൗകര്യവും ഇവിടെയില്ല. 284 കിടക്കകൾക്കുള്ള സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇവിടെയുള്ളത്. എന്നാൽ 300ലേറെ പേരെ കിടത്തി ചികിത്സിക്കുന്ന ഇവിടെ മാസം 50,000 പേർ വരെ ഒപിയിൽ ചികിത്സ തേടുന്നുണ്ട്.

സീനിയർ ഡോക്ടർമാരില്ലാത്തതിനു പുറമേ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പാർക്കിങ്, കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. കാത്‌ലാബ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മെഡിക്കൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് എൻഎംസി അംഗീകാരത്തിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഒ.ആർ. കേളു എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com